NEWS

പരിശോധനാ ഫലം നെഗറ്റീവ്; ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയ യുവതിയ്ക്ക് എബോളയില്ല


ബെംഗളൂരു ∙ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോഗബാധ പടർന്നുപിടിക്കുന്നതിനിടെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ഉയർന്ന എബോള ഭീതി ഒഴിഞ്ഞു. ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയ ശേഷം നേരിയ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിലവിൽ ആർക്കും എബോള സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച ഔദ്യോഗികമായി വ്യക്തമാക്കി. ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ എബോള പടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അതീവ ജാഗ്രതയിലാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നേരിയ ലക്ഷണങ്ങൾ കണ്ട യുവതിയെ ബെംഗളൂരുവിലെ സർക്കാർ പകർച്ചവ്യാധി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയതും പരിശോധനകൾക്ക് വിധേയയാക്കിയതും.കർണാടക ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം 28 വയസ്സുള്ള ഉഗാണ്ട സ്വദേശിനിയായ യുവതി മേയ് 23നാണ് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ നടത്തിയ സ്ക്രീനിങ്ങിൽ യുവതിക്ക് കടുത്ത പനി ഇല്ലായിരുന്നെങ്കിലും കടുത്ത ക്ഷീണം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് മുൻകരുതൽ എന്ന നിലയിൽ ഇവരുടെ സാംപിളുകൾ എബോള പരിശോധനയ്ക്കായി ശേഖരിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ യുവതി ആദ്യം ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. എന്നാൽ പിന്നീട് ഇവർക്ക് നേരിയ ശരീരവേദന കൂടി അനുഭവപ്പെട്ടതോടെ ഇന്ദിരാനഗറിലുള്ള പകർച്ചവ്യാധി ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. 


Source link

Back to top button