NEWS
രണ്ട് ദിവസത്തെ അവധി മുതലെടുത്ത് ഇ.ഡിയുടെ മിന്നൽ നീക്കം; നിർണായകമായത് ഹൈക്കോടതി ഉത്തരവ്

കൊച്ചി ∙ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ നിന്ന് ലഭിച്ച അപ്രതീക്ഷിത പിടിവള്ളിയിൽ പതുക്കെയാണ് അന്വേഷണം ആരംഭിച്ചതെങ്കിലും നിർണായകമായ നിയമകടമ്പ മറികടന്നതോടെ ഇ.ഡി നടത്തിയത് അതിവേഗ നീക്കം. ഇന്നലെ രാവിലെ 10.20ഓടെ ഇ.ഡി അന്വേഷണത്തിനെതിരെയുള്ള ഹർജി തള്ളിക്കൊണ്ടുള്ള വിധി ജസ്റ്റിസ് ടി.ആര്.രവി പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെ, മേൽക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് ഹർജിക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും ആവശ്യത്തെ ഇ.ഡി ശക്തമായി എതിർക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർക്ക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കണമെങ്കിൽ തന്നെ രണ്ടു ദിവസത്തെ അവധിക്ക് ശേഷം വെള്ളിയാഴ്ച മാത്രമേ സാധിക്കൂ. ആ അവസരം ഇ.ഡി വിനിയോഗിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തുന്ന കാര്യം നിയമവൃത്തങ്ങളിൽ പോലും പലരും അറിഞ്ഞത് ഏറെ വൈകിയാണ്. ഇന്നലെ കോടതി വിധി എതിരായെങ്കിലും ഇന്ന് റെയ്ഡ് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഹർജിക്കാരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ മിന്നൽ നീക്കം നടത്താൻ ആവശ്യമായ കാര്യങ്ങൾ ഹൈക്കോടതി സിംഗിൾ െബഞ്ചിന്റെ ഉത്തരവിലുണ്ടായിരുന്നു. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് വിധി വന്നതിനു ശേഷം 2024 ഏപ്രിലിലാണ് ഇ.ഡി ഇതുമായി ബന്ധപ്പെട്ട് ഇ.സി.ഐ.ആർ റജിസ്റ്റർ െചയ്യുന്നത്. അന്നു മുതൽ സിംഗിൾ ബെഞ്ച് മുമ്പാകെ ഈ ഹർജിയുണ്ട്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ), അതിന്റെ എംഡി എസ്.എൻ.ശശിധരൻ കർത്ത, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ് കുമാർ എന്നിവരായിരുന്നു ഹർജിക്കാർ. ഇ.ഡി നടത്തുന്ന അന്വേഷണവും സമൻസ് അയയ്ക്കുന്നതും സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഹൈക്കോടതി മുമ്പാകെ പല തവണ വിഷയമെത്തി. ഇതിനിടെ, ഉദ്യോഗസ്ഥർ ഇ.ഡി മുമ്പാകെ ഹാജാവുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു. 24 മണിക്കൂറിലധികം തങ്ങളെ ചോദ്യം ചെയ്തെന്ന് ഇവർ കോടതിയെ അറിയിക്കുകയും ചോദ്യം ചെയ്യലിന്റെ സിസി ടിവി ദൃശ്യങ്ങളും ഫോൺ രേഖകളും സംരക്ഷിക്കണമെന്ന് കോടതി നിർദേശിക്കലും ഇതിനിടെ ഉണ്ടായി. ശശിധരൻ കർത്തയെ ഇ.ഡി വീട്ടിലെത്തിയും ചോദ്യം ചെയ്തിരുന്നു. അതിനൊടുവിലാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വാദം പൂർത്തിയാക്കി കോടതി കേസ് വിധി പറയാനായി മാറ്റിയത്.
Source link


