NEWS

‘സിഎംആർഎല്ലിൽ നിന്ന് വൻതുക കൈപ്പറ്റിയത് ഇപ്പോഴത്തെ രണ്ട് മന്ത്രിമാർ, റെയ്‌ഡ് നടത്തുന്നത് രാഷ്‌ട്രീയ ലക്ഷ്യത്തോടെ’

തിരുവനന്തപുരം: ഇ ഡി റെയ്‌ഡ് ഹീനമായ ആക്രമണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. വീണാ വിജയൻ കേസന്വേഷണത്തിൽ പൂർണമായും സഹകരിച്ചിട്ടും ഇപ്പോൾ റെയ്‌ഡ് നടത്തുന്നത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 ഇടങ്ങളിലാണ് ഇന്ന് പുലർച്ചെ മുതൽ ഇ ഡി റെയ്‌ഡ് നടക്കുന്നത്.

‘കേസ് അന്വേഷണത്തിൽ വീണാ വിജയൻ പൂർണമായും സഹകരിച്ചിട്ടുണ്ട്. ഇപ്പോൾ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് റെയ്‌ഡ് നടത്തുന്നത്. വീണാ വിജയന്റെ കമ്പനി സിഎംആർഎല്ലിന് സേവനം നൽകിയതുകൊണ്ടാണ് പ്രതിഫലമായി പണം നൽകിയത്. എന്നാൽ,സേവനങ്ങളൊന്നും നൽകാതെ തന്നെ ചില പ്രമുഖർ പണം കൈപ്പറ്റിയിട്ടുണ്ട്. അതിൽ രണ്ടുപേർ മുഖ്യമന്ത്രി വി ഡി സതീശനൊപ്പമുള്ള മന്ത്രിമാരാണെന്നും എം എ ബേബി പറഞ്ഞു. അതിൽ കൂടുതൽപേരുണ്ടോ എന്ന് അന്വേഷിക്കണം.

ഈ നീക്കത്തിലൂടെ പിണറായി വിജയനെയും സിപിഎമ്മിനെയും ബുദ്ധിമുട്ടിക്കാമെന്ന് ഇവർ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല. ഇവർക്ക് പിണറായിയെ ശരിക്കും അറിയില്ല. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ വച്ച് ഭീകരമായ മർദനത്തിനിരയായ വ്യക്തിയാണ് പിണറായി വിജയൻ. അന്ന് ചെറുപ്പക്കരാനായ എംഎൽഎ ആയിരുന്നു അദ്ദേഹം. സിപിഎമ്മിന് ഇതുപോലെ ധാരാളം ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇപ്പോഴത്തെ മോദി സർക്കാർ ഭീഷണിപ്പെടുത്തി പാർട്ടികളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ആംആദ്‌മി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാളിനെയും ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെയും ജയിലിലടച്ചു. ഇപ്പോൾ വിചാരണക്കോടതി അത് തള്ളിയിരിക്കുകയാണ്’ – എം എ ബേബി പറഞ്ഞു.


Source link
NEWS

Back to top button