‘ഇടതിനെ പിണറായിയുടെ സ്വകാര്യ കമ്പനിയാക്കി, ബിനോയ് വിശ്വം ‘നിർഗുണ’നാണെന്ന് തെളിയിച്ചു’; സിപിഐ യോഗത്തിൽ വിമർശനം

കൊല്ലം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ. പ്രതിപക്ഷനേതാവ് പിണറായി വിജയനെ ലക്ഷ്യമാക്കിയും വിമർശനം ഉയർന്നു. എൽഡിഎഫിനെ പിണറായി വിജയന്റെ സ്വകാര്യ കമ്പനിയാക്കി മാറ്റിയതാണ് കനത്ത പരാജയത്തിന് കാരണമെന്ന് സിപിഐ അഞ്ചാലുംമൂട് മണ്ഡലം നേതൃയോഗത്തിൽ വിമർശനം ഉയർന്നു. പിണറായി വിജയന്റെ ചിത്രം വച്ച് മാത്രം പരസ്യം കൊടുത്തത് തിരിച്ചടിയായി. ഘടകകക്ഷി നേതാക്കളെ പോസ്റ്ററിൽ നിന്നും ബോർഡുകളിൽ നിന്നും ഒഴിവാക്കിയത് പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് നേതൃത്വം അറിയിക്കണമെന്ന ആവശ്യം ഉയർന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും വിമർശനം ഉയർന്നു. മന്ത്രിയായിരുന്നപ്പോൾ നിർഗുണനാണെന്ന് തെളിയിച്ച ആളാണെന്നും കാര്യപ്രാപ്തിയില്ലാത്തയാളാണെന്നും ഒരു പ്രതിനിധി യോഗത്തിൽ പറഞ്ഞു. അധികാരസ്ഥാനങ്ങൾ പങ്കിട്ടെടുക്കാനാണ് സിപഐ നേതാക്കൾ പ്രാധാന്യം കൊടുക്കുന്നതെന്ന് വനിതാ അംഗം വിമർശിച്ചു. ഒരു എംഎൽഎയുടെ ഭാര്യയെ മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് അതിനുള്ള തെളിവാണ്. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസിക്കാൻ വേണ്ടിയാണിത് ചെയ്തതെന്നും അവർ തുറന്നടിച്ചു. ഈ നിയമനങ്ങളൊക്കെ രഹസ്യമാണെന്ന് അവർ വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് തോൽവിയുടെ ആഘാതം വർദ്ധിപ്പിച്ചെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഭാര്യയെ മത്സരിപ്പിച്ചതുകൊണ്ടാണ് നാദാപുരത്ത് പാർട്ടിക്ക് സീറ്റ് നഷ്ടമായതെന്ന വിമർശനവും ഉയർന്നു. മുൻ മന്ത്രി ജെ ചിഞ്ചുറാണി, ഹണി ബെഞ്ചമിൻ, ആർ വിജയകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം നടന്നത്.
Source link
NEWS


