NEWS
ഫ്ലാറ്റിൽ നിന്ന് വീണ് 25 വയസ്സുകാരിയായ ഗർഭിണിക്ക് ദാരുണാന്ത്യം; സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം

ന്യൂഡൽഹി ∙ വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിൽ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് 25 വയസ്സുകാരിയായ ഗർഭിണി മരിച്ചു. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.യുവതി മൂന്ന് മാസം മുമ്പാണ് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് ഭർത്താവും കുടുംബവും സ്വർണവും പണവും ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് കുടുംബത്തിന്റെ പരാതി. ‘‘അവൾ നാലാം നിലയിൽ നിന്നാണ് താഴേക്ക് വീണത്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി ആ വീട്ടിൽ കടുത്ത തർക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ എന്റെ സഹോദരനും അമ്മയും മറ്റ് ബന്ധുക്കളും അവിടെ പോയിരുന്നു’’ – മരിച്ച യുവതിയുടെ സഹോദരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
Source link


