NEWS
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിനയ്ക്ക് നീതി, മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു

കോഴിക്കോട് ∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങി ദുരിതം അനുഭവിച്ച കെ.കെ.ഹർഷിന ഒൻപത് വർഷം നടത്തിയ പോരാട്ടത്തിന് ഒടുവിൽ നീതിയുടെ സാന്ത്വനം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫിസ് അസിസ്റ്റന്റ് ആയാണ് ഹർഷിന ചുമതലയേറ്റത്. ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) വഴിയുളള നിയമനമാണിത്.യുഡിഎഫ് സർക്കാർ അധികാരം ഏറ്റതിന് പിന്നാലെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശനെയും ആരോഗ്യമന്ത്രി കെ.മുരളീധരനെയും ഹർഷിനയും കുടുംബാംഗങ്ങളും സമരസമിതി നേതാക്കളും കണ്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഹർഷിനയുടെ ദുരിതത്തിന് കാരണമായ ശസ്ത്രക്രിയ നടത്തിയ അതേ മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ സ്ഥിരം ജോലി നൽകാൻ സർക്കാർ തീരുമാനം ഉണ്ടായത്.മുഖ്യമന്ത്രിയായി കഴിഞ്ഞാൽ മറുപടി എങ്ങനെയാണ് വരിക എന്ന് അറിയില്ലായിരുന്നു. കൂടെ ഉണ്ടെന്നു പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി വി.ഡി.സതീശൻ പാലിച്ചു. ഒരു ആരോഗ്യമന്ത്രി ഒപ്പമുണ്ടെന്ന് ഇപ്പോഴാണ് തോന്നിയത്. ഒൻപതു വർഷം മരണം മുന്നിൽ കണ്ടു ജീവിച്ചതിന് ഒടുവിൽ സത്യം വിജയിച്ചു. അങ്ങോട്ടു ചോദിക്കാതെയാണ് ജോലി നൽകിയത്. തുടർചികിത്സയും ഉറപ്പു നൽകി. വലിയ ആശ്വാസമാണിത്. നീതിക്കായുള്ള പോരാട്ടത്തിൽ രാഷ്ട്രീയം നോക്കാതെ, മതവും ജാതിയും ഒന്നും നോക്കാതെ വേദനിക്കുന്ന ഒരു സഹോദരിയായി കണ്ട് ഒത്തിരി പേർ ഒപ്പം നിന്നു. സമരസമിതി നേതാക്കൾക്കും പിന്തുണ നൽകിയ എല്ലാ മാധ്യമങ്ങൾക്കും നന്ദിയുണ്ട്. പരാതി നൽകിയ ആശുപത്രിയിൽ തന്നെ ജോലിക്ക് കയറുന്നതിൽ ആശങ്കയില്ല. ആർക്കെതിരെയും വ്യക്തിപരമായി നിന്നിട്ടില്ല. നീതികേടിന് പരിഹാരം എന്നത് മാത്രമായിരുന്നു ആവശ്യം. കുറ്റക്കാർക്കെതിരായ കേസുമായി കോടതിയിൽ ശക്തമായി തന്നെ മുന്നോട്ടു പോകും.’ – ഹർഷിന വിശദീകരിച്ചു.
Source link


