NEWS

‘മോദി വന്നപ്പോൾ ബാരലിന് 108 ഡോളർ, ഇന്ന് 99 ഡോളർ; എന്നിട്ടും പെട്രോൾ 71 ൽ നിന്ന് 102 ലേക്ക്’


ന്യൂഡൽഹി∙ ക്രൂഡ് ഓയിൽ വില കഴിഞ്ഞ 12 വർഷത്തിനിടെ കുറഞ്ഞിട്ടും ജനങ്ങൾക്ക് ആശ്വാസം നൽകാതെ ഇന്ധനവില കുത്തനെ കൂട്ടുന്ന മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ‘‘കൃത്യം 12 വർഷം മുമ്പ് – 2014 മേയ് 26 ന് – പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേൽക്കുമ്പോൾ ഇന്ത്യൻ ബാസ്കറ്റിലെ ക്രൂഡ് ഓയിൽ വില ബാരലിന് 108.05 ഡോളറായിരുന്നു. അന്ന് ഡോളർ-രൂപ വിനിമയ നിരക്ക് 58.59 രൂപയും. അന്ന് പെട്രോൾ ലീറ്ററിന് 71.51 രൂപയ്ക്കും ഡീസൽ 56.71 രൂപയ്ക്കുമാണു ലഭിച്ചിരുന്നത്’’ – പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഔദ്യോഗിക പ്രസ്താവന ഉദ്ധരിച്ച് ഖർഗെ എക്സിൽ ഹിന്ദിയിൽ കുറിച്ചത് ഇങ്ങനെയാണ്. ഇന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 99 ഡോളറിനു താഴെയാണ്, എന്നിട്ടും പെട്രോൾ ലീറ്ററിന് 102.12 രൂപയായും ഡീസൽ 95.20 രൂപയായും ഉയർന്നെന്നും ഖർഗെ ചൂണ്ടിക്കാട്ടി.‘‘മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ പെട്രോളിന് ഏകദേശം 42.8% വില കൂടി, ഡീസലിന് 67.9% വില കൂടി. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുന്നത് എല്ലാ മേഖലകളെയും ബാധിക്കുമെന്ന് എല്ലാ സാമ്പത്തിക വിദഗ്ധർക്കും അറിയാം. ഗതാഗതം മുതൽ ഭക്ഷ്യവസ്തുക്കൾ വരെ, സാധാരണക്കാരന്റെ മേലുള്ള പണപ്പെരുപ്പ ഭാരം തുടർച്ചയായി വർധിക്കുകയാണ്. എന്നിട്ടും സർക്കാരിന്റെ ലാഭക്കൊതിക്ക് കുറവില്ല. ചോദ്യം ലളിതമാണ്: ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ പെട്രോളിനും ഡീസലിനും എന്തുകൊണ്ടു വില കൂടി? ജനങ്ങൾക്ക് എന്തുകൊണ്ട് ആശ്വാസം നൽകുന്നില്ല?’’ – ഖർഗെ ചോദിച്ചു.


Source link

Back to top button