NEWS
‘മുഖ്യമന്ത്രിക്ക് കാര്യങ്ങൾ നന്നായി അറിയാം; നൂറു ശതമാനം പ്രതീക്ഷ’: വി.ഡി.സതീശനെ കണ്ട് ഹർഷിന

തിരുവനന്തപുരം∙ മുൻ സർക്കാരിന്റെ കാലയളവിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ കോഴിക്കോട് സ്വദേശി ഹർഷിന മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട് നിവേദനം നൽകി. കുടുംബാംഗങ്ങൾക്കും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ഉൾപ്പെടെയുള്ള നേതാക്കൾക്കും ഒപ്പമാണ് ഹർഷിന മുഖ്യമന്ത്രിയെ കാണാനെത്തിയത്. കൃഷിമന്ത്രി ടി.സിദ്ദിഖും ഇവർക്കൊപ്പം എത്തി മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. തുടർനടപടികൾ ഉറപ്പാക്കുമെന്നും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശ്വാസകരമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സമരസമിതി നേതാക്കൾ പറഞ്ഞു.നൂറു ശതമാനം പ്രതീക്ഷയാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവായിരിക്കെ സമരത്തിനൊപ്പം നിലകൊണ്ട മുഖ്യമന്ത്രിക്ക് താൻ ഉന്നയിച്ച വിഷയം നന്നായി അറിയാമെന്നും ഹർഷിന പറഞ്ഞു. തുടർചികിത്സ ഉറപ്പാക്കാനും മറ്റും മതിയായ നഷ്ടപരിഹാരം സർക്കാരിൽ നിന്ന് ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ഹർഷിന പറഞ്ഞു. മുൻ സർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം നൽകാമെന്ന് പറഞ്ഞെങ്കിലും അതിലും ഭീമമായ തുക തുടർചികിത്സയ്ക്കും മറ്റും ചെലവായതിനാൽ അത് ഹർഷിന സ്വീകരിച്ചിരുന്നില്ല.2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയത്. പ്രസവശേഷം അസ്വസ്ഥത വിട്ടുമാറാതിരുന്ന ഹർഷിനയുടെ വയറ്റിൽനിന്ന് ഈ കത്രിക 2022 സെപ്റ്റംബർ 17ന് നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.
Source link

