test del 4 copy of del 3
കത്തിനശിച്ചത് 40 ഇലക്ട്രിക് സ്കൂട്ടറുകൾ; ഒന്നരക്കോടി രൂപയുടെ നഷ്ടം: തീ കെടുത്തിയത് ഒന്നര മണിക്കൂർ പരിശ്രമിച്ച്

കൊല്ലം ∙ ഇരുചക്ര വാഹന ഷോറൂമിനോടു ചേർന്നുള്ള സർവീസ് സെന്ററിൽ വൻ അഗ്നിബാധ. 40 ഇലക്ട്രിക് സ്കൂട്ടറുകൾ, പുതിയ ബാറ്ററികൾ തുടങ്ങിയവ പൂർണമായി കത്തിനശിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ദേശീയപാതയിൽ തട്ടാമലയ്ക്കു സമീപം പഴയാറ്റിൻകുഴി ജംക്‌ഷനിലെ സാരഥിയുടെ ഇരുചക്ര വാഹന ഷോറൂമിനോടു ചേർന്നുള്ള സർവീസ് സെന്റർ ആണു കത്തിയത്. ഉച്ചയ്ക്കു മൂന്നരയോടെയാണു സംഭവം. സുരക്ഷാ ജീവനക്കാരനാണു തീയാളുന്നത് ആദ്യം കണ്ടത്. അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതോടെ അഗ്നിശമന സേനയെ അറിയിച്ചു. സെന്ററിനു പുറത്തും മറ്റൊരു ഹാളിലുമായി വച്ചിരുന്ന ഒട്ടേറെ ബൈക്കുകൾ നാട്ടുകാർ തീപിടിക്കാതെ ഉരുട്ടി മാറ്റി. ഞായർ ആയതിനാൽ അവധിയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണു കാരണമെന്നു സംശയിക്കുന്നു.സർവീസിനു കൊണ്ടുവന്ന വാഹനങ്ങളാണ് കത്തിയതെന്നും സ്ഥാപനത്തിന് ഇൻഷുറൻസ് ഉള്ളതിനാൽ വാഹനഉടമകൾക്ക് നഷ്ടമുണ്ടാകില്ലെന്നും ഷോറൂം ജനറൽ മാനേജർ ഹരികുമാർ അറിയിച്ചു.സർവീസ് സെന്റർ കെട്ടിടത്തിനു പുറത്ത് ഏകദേശം 25 ബൈക്കുകൾ സൂക്ഷിച്ചിരുന്നു. ഇതു സമീപത്തെ കടകളിലെ ജീവനക്കാരും മറ്റും ചേർന്നു ഉരുട്ടി മാറ്റി. ഇലക്ട്രിക് സ്കൂട്ടറിന്റെ സർവീസ് സെന്ററിനോട് ചേർന്ന് ബൈക്ക് സർവീസ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ഇതിനുള്ളിൽ ഉണ്ടായിരുന്ന ബൈക്കുകളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. സമീപത്തുള്ള അടുക്കളയിൽ ഉണ്ടായിരുന്ന 2 പാചക വാതക സിലിണ്ടറും ദൂരേക്കു മാറ്റി. അപ്പോഴേക്കും ഫയർ ഫോഴ്സ് എത്തി. സമീപത്തെ കെട്ടിടത്തിലെ കൂറ്റൻ ജലസംഭരണിയിലെ വെള്ളം ഉൾപ്പെടെ അവിടെയുള്ള അഗ്നിശമന സംവിധാനങ്ങളും ഉപയോഗിച്ച് തീകെടുത്തുകയായിരുന്നു. അഗ്നിശമന സേനയുടെ കടപ്പാക്കട, ചാമക്കട സ്റ്റേഷനുകളിൽ നിന്നെത്തിയ 4 യൂണിറ്റുകളാണു തീയണച്ചത്. ജില്ലാ ഫയർ ഓഫിസർ എൻ.രാംകുമാർ, അഗ്നിരക്ഷാ ഗ്രേഡ് ഓഫിസർമാരായ എ. ജഗ്ഫർ, എ.ഹരീഷ്കുമാർ എന്നിവർ നേതൃത്വം നൽകി. വിഷ്ണുമോഹൻ എംഎൽഎ, എം. നൗഷാദ്, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ എ.സദക്കത്ത്, കൗൺസിലർമാർ എന്നിവർ ഉടൻ സ്ഥലത്തെത്തി. എൻ.കെ.പ്രേമചന്ദ്രൻ എംപി സ്ഥലം സന്ദർശിച്ചു.
Source link


