test del 3

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു; 6 സിസിടിവി ക്യാമറകളും തുണികൾ ഉപയോഗിച്ചു മറച്ചു


കാഞ്ഞിരപ്പള്ളി ∙ ആളില്ലാതിരുന്ന വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചു 2 പവൻ സ്വർണവും 50,000 രൂപയും മോഷ്ടിച്ചു. മുൻ എംഎൽഎ അന്തരിച്ച തോമസ് കല്ലമ്പളളിയുടെ സഹോദരൻ പെരുവന്താനം സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പൽ ആനക്കല്ല് പൊൻമല കല്ലമ്പളളി ഡോ. ആന്റണി ജോസഫിന്റെ (ലാലിച്ചൻ) വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. ആന്റണിയും കുടുംബവും വ്യാഴാഴ്ച ബെംഗളൂരുവിനു പോയിരുന്നു. വീടിന്റെ ചുറ്റുമായി സ്ഥാപിച്ചിട്ടുള്ള 6 സിസിടിവി ക്യാമറകളും വീടിന്റെ പരിസരത്തു കിടന്ന തുണികൾ ഉപയോഗിച്ചു മറച്ച ശേഷം വീടിന്റെ പിന്നിലുണ്ടായിരുന്ന പണി ആയുധങ്ങൾ ഉപയോഗിച്ചാണ് വാതിൽ കുത്തിത്തുറന്നത്.വീടിന്റെ പിൻവശത്തു കൂടി മോഷ്ടാക്കൾ എത്തുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞെങ്കിലും മുഖം മറച്ചിരുന്നതിനാൽ വ്യക്തമല്ല. ഒരാൾ സ്ത്രീകളുടെ വസ്ത്രം ധരിച്ച് മുഖം മറച്ച് മുൻവശത്ത് സിറ്റൗട്ടിലൂടെ നടക്കുന്ന ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി പന്ത്രണ്ടരയോടെ മോഷ്ടാക്കൾ വരുന്ന ദൃശ്യവും ഒരു മണിയോടെ ക്യാമറ തുണി ഉപയോഗിച്ച് മറക്കുന്ന ദൃശ്യങ്ങളുമാണ് ക്യാമറയിൽ പതിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിലും ശ്രീകോവിലുകൾ കുത്തിത്തുറന്നു മോഷണം നടന്നിരുന്നു.


Source link

Back to top button