ബിനിയ ബാബുവിന് ബി.ആർ.പി മാദ്ധ്യമ പുരസ്‌കാരം

തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ രണ്ടാമത് ബോധിഗ്രാം-ബി.ആർ.പി മാദ്ധ്യമപുരസ്‌കാരം കേരളകൗമുദി പത്തനംതിട്ട റിപ്പോർട്ടർ ബിനിയ ബാബുവിന്. 2025 ജൂൺ 25മുതൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച “നീതി നിഷേധിച്ച നിലവിളികൾ” എന്ന പരമ്പരയ്ക്കാണ് പുരസ്കാരം. കേരളത്തിലെ ദളിത് സമൂഹം നേരിട്ട ക്രൂരതകൾ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചതെന്ന് വിധികർത്താക്കളും മാദ്ധ്യമപ്രവർത്തകരുമായ കെ.എ.ഷാജി,ജെ.എസ്.ഇന്ദുകുമാർ,പ്രിയാരവീന്ദ്രൻ എന്നിവർ പറഞ്ഞു. 25,000 രൂപയും പ്രശസ്തിപത്രവും ഷണ്മുഖൻ തൃപ്പൂണിത്തുറ രൂപകല്പന ചെയ്ത മെമെന്റോയും അടങ്ങുന്ന പുരസ്കാരം ബി.ആർ.പിയുടെ രണ്ടാം ചരമവാർഷിക ദിനമായ ജൂൺ നാലിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ബി.ആർ.പി.അനുസ്മരണത്തിൽ നൽകുമെന്ന് ബോധിഗ്രാം-ബി.ആർ.പി മാദ്ധ്യമപുരസ്‌കാര സമിതി ചെയർപേഴ്സൺ ജെ.എസ്.അടൂരും സെക്രട്ടറി അനിൽകുമാർ പി.വൈയും അറിയിച്ചു. വെണ്ണിക്കുളം അടവിമന്നത്ത് വീട്ടിൽ ബാബു വിജയന്റെയും കുഞ്ഞുമോൾ ബാബുവിന്റെയും മകളാണ് ബിനിയ ബാബു. ഭർത്താവ് സിജിൻ എം.എബ്രഹാം മാനച്ചേരിൽ.
Source link


