LATEST

വി ഡി സതീശന് പൂർണ പിന്തുണ, എന്നും​ പാർട്ടിക്കൊപ്പം നിൽക്കുന്ന ശക്തനായ വക്താവായി തുടരും: കെ സുധാകരൻ


തിരുവനന്തപുരം: വി ‌ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഹൈക്കമാൻ‍ഡിന്റെ തീരുമാനം അംഗീകരിച്ചില്ലെങ്കിൽ പാർട്ടിയിൽ തുടരുന്നതിൽ എന്താണർത്ഥം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സിയെ പരിഗണിക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യമുന്നയിച്ചിരുന്നില്ലേ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കെ.സി വേണുഗോപാലും വി ‌ഡി സതീശനും പാർട്ടിയുടെ രണ്ട് തൂണുകളാണെന്നായിരുന്നു മറുപടി. ഹൈക്കമാൻഡ് ആരെ തിര‍ഞ്ഞെടുത്താലും ഒരുപോലെയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി തീരുമാനത്തെ തുടർന്ന് രമേശ് ചെന്നിത്തല നിയമസഭാ കക്ഷി യോഗത്തിൽ നിന്നുമാറി നിൽക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം പാർട്ടി ഒരുപാട് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അത് തുടർന്നും ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഏത് തീരുമാനത്തിനൊപ്പവും ശക്തനായ ഒരു വക്താവായി താൻ ഉണ്ടാകുമെന്നും പുതിയ മുഖ്യമന്ത്രിക്ക് തന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Source link

Back to top button