test del 5 copy of del 3

സഞ്ചാരികളെ കാത്ത് ചെറു ചാറ്റൽ മഴയും കോട മഞ്ഞും; കൂടുതൽ ‘സുന്ദരിയായി’ പൊന്മുടി


വിതുര ∙ വേനലിൽ ചുട്ടു പൊള്ളിയ പൊന്മുടി ഇപ്പോൾ മഞ്ഞിന്റെ സൗന്ദര്യവും മഴയുടെ കുളിരും പേറി കൂടുതൽ സുന്ദരിയായി. വേനൽ മഴ ശക്തമായതോടെ പൊന്മുടി യാത്രയുടെ അനുഭൂതി അടിമുടി മാറി. പൊന്മുടിയിൽ വാക മരങ്ങൾ കൂടി പൂത്തുലഞ്ഞതോടെ കാഴ്ചയുടെ സൗന്ദര്യത്തിനു തീവ്രതയേറി. മേയ് മാസം പുലർന്നതു മുതൽ എല്ലാ ദിവസവും പൊന്മുടിയിൽ മഴ പെയ്യുന്നുണ്ട്. ഉച്ച കഴിഞ്ഞാൽ മഞ്ഞിറങ്ങുന്നതും പതിവായി. സഞ്ചാരികളുടെ ഭാഷയിൽ പറഞ്ഞാൽ ‘പോകാൻ പറ്റിയ സമയം.’ചൂട് കാരണം സഞ്ചാരികളുടെ വരവിലും ഗണ്യമായി കുറവുണ്ടായി. മഞ്ഞിറക്കം പതിവായതോടെ തിരക്ക് ഏറി തുടങ്ങിയിട്ടുണ്ട്. അതേസമയം, ശക്തമായ മഴ പെയ്യുമ്പോൾ പൊന്മുടിയിൽ ഇടി മിന്നലിനു സാധ്യതയുണ്ട്. മുൻപ് ഇടിമിന്നലേറ്റ് മരണവും പൊന്മുടിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇടി മിന്നൽ ഭീതി വന്നാൽ പൊന്മുടിയിലേക്കുള്ള പ്രവേശനം നിർത്തി വയ്ക്കുന്നതാണ് പതിവ്. ഇടി മിന്നലിന്റെ അകമ്പടിയില്ലാത്ത മഴ മറ്റൊരു അനുഭൂതിയാണ് സഞ്ചാരികൾക്ക് നൽകുന്നത്. മൺസൂൺ കാലത്ത് ‘മഴ നടത്തം’ ഉൾപ്പെടെയുള്ള പരിപാടികളുമായി കൂട്ടായ്മകൾ പൊന്മുടി കയറുന്നത് ആ അനുഭൂതി നുകരാൻ കൂടിയാണ്.പൊന്മുടി ∙ വേനൽ മഴ തുടങ്ങിയതിനു ശേഷം സഞ്ചാരികളുടെ വലിയ രീതിയിലുള്ള ഒഴുക്കാണ് പൊന്മുടിയിൽ അനുഭവപ്പെട്ടത്. രണ്ടാം ശനി, ഞായർ ദിനങ്ങളിൽ 10,051 പേരാണ് പൊന്മുടി കയറിയത്. 3,200 വാഹനങ്ങളുമെത്തി. സന്ദർശക, വാഹന പാസ് ഇനത്തിൽ 6.20 ലക്ഷം രൂപയുടെ വരുമാനം വനം വകുപ്പിനു ലഭിച്ചു. കെടിഡിസി ഹോട്ടൽ, ഗസ്റ്റ് ഹൗസ്, പിഡബ്ല്യൂഡി ക്യാംപ് ഷെഡ്, സ്വകാര്യ റിസോർട്ടുകൾ എന്നിവിടങ്ങളിലും മുഴുവൻ മുറികളും നിറഞ്ഞിരുന്നു. അവധിക്കാലം പൂർത്തിയാകുന്നതിനു മുൻപുള്ള ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കാർഡ് ഇടുമെന്നാണ് വിലയിരുത്തൽ.


Source link

Back to top button