test del 3

2024 ഏപ്രിലിൽ തീരേണ്ട പണി പാതിപോലുമായില്ല; ദേശീയപാത ബൈപാസ് വെങ്ങളം – അഴിയൂർ റീച്ച് നിർമാണം ഇഴയുന്നു


കോഴിക്കോട് ∙ ജില്ല വർഷങ്ങളായി കാത്തിരിക്കുന്നതാണു ദേശീയപാത ബൈപാസ് നിർമാണം. കോഴിക്കോട് നഗരത്തിലേതടക്കം ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ വേണ്ടിയുള്ള ദേശീയപാത ബൈപാസിൽ, നിലവിൽ രാമനാട്ടുകര– വെങ്ങളം റീച്ച് മാത്രമാണു പൂർത്തിയായത്. 2024 ഏപ്രിലിൽ തീരേണ്ടിയിരുന്ന വെങ്ങളം – അഴിയൂർ റീച്ച് പാതിപോലുമായിട്ടില്ല. ഇതിലെ 4 ഭാഗങ്ങളിൽ ഒന്നു പോലും 100 % പൂർത്തിയായിട്ടില്ല. നിർമാണ കാലാവധി 2026 മാർച്ചിലേക്കും പിന്നീട് 2027 മാർച്ചിലേക്കും നീട്ടിയിരിക്കുകയാണ്. അദാനി റോഡ് ട്രാൻസ്പോർട്ടിനാണു നിർമാണ കരാർ. അദാനി കമ്പനിക്കു വേണ്ടി വാഗാഡ് ഇൻഫ്രാ പ്രോജക്ട്സ് ആണു നിർമാണം. പുതിയ 2 കമ്പനികളെ കൂടി ഉൾപ്പെടുത്തി നിർമാണം വേഗത്തിലാക്കാൻ ശ്രമം നടക്കുന്നുണ്ട്.∙കുന്ന്യോറ മലയിൽ 14 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ചാണു കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നത്. ∙പന്തലായനി കൂമൻതോടിന് കുറുകെ അണ്ടർ പാസിന്റെ ഇരുവശത്തും റോഡ് നിർമാണം പാതിവഴിയിലാണ്. ∙നന്തി കീഴൂർ റോഡിൽ സർവീസ് റോഡിന്റെ പണി പൂർത്തീകരിച്ചിട്ടില്ല. കൊല്ലം നെല്ലാടി റോഡ് സർവീസ് റോഡ് ജംക്‌ഷനിലെ ഓടനിർമാണം തുടങ്ങിയത് ഇന്നലെ. നന്തിബസാറിൽ ഫ്ലൈഓവർ ബ്രിജിന്റെ പടിഞ്ഞാറു ഭാഗത്തെ റോഡ് നിർമാണം പാതിയായിട്ടേയുള്ളൂ. ∙ മൂരാട് അടിപ്പാതയ്ക്കു സമീപം പടിഞ്ഞാറ് ഭാഗത്ത് സർവീസ് റോഡ് ഇതുവരെ പൂർത്തിയായിട്ടില്ല. ഇരിങ്ങലിൽ അടിപ്പാത നിർമാണവും ആറുവരി പാതയും ഇതുവരെ പൂർത്തിയായിട്ടില്ല. അയനിക്കാട് പള്ളിക്കു സമീപം നിർമാണം പുരോഗമിക്കുന്നു. പയ്യോളി ടൗണിൽ മേൽപാലത്തിന്റെ പണി പൂർത്തിയാകുന്നതേയുള്ളൂ. പെരുമാൾപുരത്ത് പാതയും പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡും പൂർത്തിയായിട്ടില്ല.


Source link

Back to top button