NATIIONAL
‘ഗോൾഡൻ ഡക്കിന്റെ’ കലിപ്പ് വിജയാഘോഷത്തിൽ തീർത്ത് ടിം ഡേവിഡ്, ഡഗൗട്ടിൽ നിന്ന് അശ്ലീല ആംഗ്യം; കടുത്ത നടപടി– വിഡിയോ

റായ്‌പുർ ∙ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അവസാനപന്തിൽ നേടിയ ആവേശജയത്തിനു പിന്നാലെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡിനെതിരെ നടപടി. താരത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ടു ഡീമെറിറ്റ് പോയിന്റുമാണ് ചുമത്തിയത്. ഞായറാഴ്ച റായ്‌പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആർസിബിയുടെ നാടകീയമായ രണ്ട് വിക്കറ്റ് വിജയത്തിന് പിന്നാലെയുള്ള വൈകാരികമായ ആഘോഷങ്ങൾക്കിടെയാണ് നടപടിക്ക് ആധാരമായ സംഭവം അരങ്ങേറിയത്. ആവേശം അതിന്റെ എല്ലാ അതിർവരമ്പുകളും കടന്ന ഐപിഎലിലെ സൂപ്പർ പോരാട്ടത്തിലാണ് മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 2 വിക്കറ്റിന്റെ ത്രില്ലർ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, തിലക് വർമയുടെ (42 പന്തിൽ 57) അർധ സെഞ്ചറിക്കരുത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ക്രുനാൽ പാണ്ഡ്യയുടെ (46 പന്തിൽ 73) ബലത്തിൽ തിരിച്ചടിച്ച ബെംഗളൂരുവിന്, അവസാന 2 ഓവറിൽ 3 വിക്കറ്റ് കയ്യിലിരിക്കെ 18 റൺസായിരുന്നു ആവശ്യം. നാലാം പന്തിൽ ഭുവി സിക്സ് നേടിയതോടെ 2 പന്തിൽ ജയിക്കാൻ വേണ്ടത് 3 റൺസ്. അഞ്ചാം പന്തിൽ സിംഗിൾ നേടിയ ഭുവി സ്ട്രൈക് റാസിക് ദറിനു (2 പന്തിൽ 3 നോട്ടൗട്ട്) കൈമാറി. അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത ഇരുവരും ചേർന്ന് ബെംഗളൂരുവിന് സമ്മാനിച്ചത് ആവേശ ജയം. സ്കോർ: മുംബൈ 20 ഓവറിൽ 7ന് 166. ബെംഗളൂരു 20 ഓവറിൽ 8ന് 167. തോൽവിയോടെ മുംബൈ പ്ലേഓഫ് കാണാതെ പുറത്തായി.
Source link


