LATEST

പറവൂരിന്റെ ആറാം തമ്പുരാൻ


കൊച്ചി: വി.ഡി. സതീശനെതിരെ എൽ.ഡി.എഫിന്റെ തന്ത്രം ഇക്കുറിയും ഏശിയില്ല. കൈപ്പമംഗലത്തു നിന്ന് കൊണ്ടുവന്ന് മത്സരിപ്പിച്ച സി.പി.ഐയുടെ ഇ.ടി. ടൈസൺ എം.എൽ.എയെ 20,600 വോട്ടുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ ആറാം ജയം. മറുകണ്ടം ചാടി ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ കോൺഗ്രസ് നേതാവ് വത്സല പ്രസന്നകുമാറിന് മൂന്നാം സ്ഥാനം.പോസ്റ്റൽ വോട്ടുകളിൽ വി.ഡി. സതീശനായിരുന്നു സർവാധിപത്യം. എണ്ണൽ ഇ.വി.എമ്മിലേക്ക് കടന്നതോടെ തെല്ലു നിരാശ. ആദ്യ റൗണ്ടിൽ 243 വോട്ടും രണ്ടാം റൗണ്ടിൽ 56 വോട്ടും ഭൂരിപക്ഷം നേടി ഇ.ടി. ടൈസൺ മുന്നിൽ. മൂന്നാം റൗണ്ടിൽ ഭൂരിപക്ഷം 1186 വോട്ടിലേക്ക് ഉയർത്തി വി.ഡി. സതീശന്റെ കുതിപ്പ്. തുടർന്നങ്ങോട്ട് ഭൂരിപക്ഷം കൂടിയതോടെ ഉണർന്ന കോൺഗ്രസ് ക്യാമ്പുകളിൽ ആഘോഷം അലയടിച്ചു.വി.ഡി. സതീശനെതിരെ മികച്ച സ്ഥാനാർത്ഥി വേണമെന്ന ആവശ്യം താഴേത്തട്ടിൽ നിന്ന് ഉയർന്നതോടെയാണ് ഇ.ടി. ടൈസണെ സി.പി.ഐ സംസ്ഥാന നേതൃത്വം പറവൂരിൽ നിയോഗിച്ചത്. 2016ൽ ശാരദ മോഹനും 2021ൽ എം.ടി. നിക്സണും ഇരുപതിനായിരത്തിലേറെ വോട്ടുകൾക്കാണ് സതീശന് മുന്നിൽ മുട്ടുമടക്കിയത്. എ.ഐ.സി.സി അംഗവും പറവൂർ നഗരസഭ മുൻ ചെയർപേഴ്സണുമായ വത്സല പ്രസന്നകുമാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി വിട്ട് ബി.ജെ.പി സ്ഥാനാർത്ഥിയായത്. 2021ൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ എ.ബി. ജയപ്രകാശ് 12,964 വോട്ടുകളാണ് നേടിയത്. ഇതിൽ ഏഴായിരത്തിലധികം വോട്ട് കൂട്ടിച്ചേർക്കാൻ വത്സലയ്ക്കായി. 2016ൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ഹരി വിജയൻ 28,097 വോട്ടു നേടിയിരുന്നു. ഈ നിലയിലേക്ക് വോട്ടുകൂട്ടാൻ ഇത്തവണയും ബി.ജെ.പിക്കായില്ല.


Source link

Back to top button