സി.പി.എം ശിഖണ്ഡി പാർട്ടി: ജി.സുധാകരൻ

ആലപ്പുഴ: കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കിയവർക്കുള്ള മറുപടിയാണ് ജനവിധിയെന്ന് മുൻമന്ത്രിയും അമ്പലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ വിജയിക്കുകയും ചെയ്ത ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരൻ. പുന്നപ്ര പറവൂരിലെ വസതിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അധികാരത്തിന്റെ മൂടൽമഞ്ഞിൽ പിണറായി കമ്മ്യൂണിസം മറന്നുപോയി. കമ്മ്യൂണിസ്റ്റ് നയം മറന്ന് സി.പി.എം ശിഖണ്ഡി പാർട്ടിയായി മാറി. കുറെപ്പേരുടെ വകയാണ് സി.പി.എമ്മെന്ന് കരുതിയവർക്കുള്ള മറുപടിയാണിത്. ഞാനും എന്റെ ഭാര്യയും തട്ടാനും എന്ന പഴയ വാക്യം ചിന്തിച്ചവർക്കുള്ള മറുപടിയുമാണ്. ജനകീയ സ്വതന്ത്രനായാണ് ഞാൻ മത്സരിച്ചത്. അതേ നിലയിൽ ജനകീയ സ്വതന്ത്ര എം.എൽ.എയായി തുടരും. കോൺഗ്രസ് പിന്തുണ തണലായി പരിരക്ഷ നൽകി. മുസ്ലിംലീഗ് മതേതര നിലപാടുള്ള കക്ഷിയാണ്. മുസ്ലിംസമുദായം പിന്തുണച്ചു. ഇടതുസ്ഥാനാർത്ഥി എനിക്കെതിരെ ഖണ്ഡശഃ എഴുതുമെന്ന് പറയുന്നു. അതോടെ അയാളുടെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്നും ജി.സുധാകരൻ പറഞ്ഞു. മന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത്തരം സ്ഥാനങ്ങളൊന്നും ചിന്തിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
Source link


