കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങി

തിരുവനന്തപുരം: സർക്കാർ സാമ്പത്തിക സഹായമായ 30 കോടി രൂപ വൈകിയതിനാൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം മുടങ്ങി. തുക തിങ്കളാഴ്ച വൈകിട്ടോടെ സർക്കാർ അനുവദിച്ചേക്കും. ഇത് കിട്ടിയാലുടൻ ശമ്പള വിതരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ശമ്പളം നൽകുന്നതിനായി മാനേജ്മെന്റ് എസ്.ബി.ഐയിൽ നിന്നും 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തിട്ടുണ്ട്. 80 കോടിയാണ് വേണ്ടത്.ശമ്പളം രണ്ടു ഗഡുക്കളായി നൽകുന്നത് അവസാനിപ്പിച്ച 2025 മാർച്ച് മുതൽ എല്ലാ മാസവും ഒന്നിന് തന്നെ ശമ്പളം നൽകിയിരുന്നു.. ഇത്തവണ വൈകിയതോടെ ജീവനക്കാർ പ്രതിഷേധത്തിലാണ്. സർക്കാരിന്റെ കാലാവധി തീർന്നതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാരെ കൈവിട്ടെന്നാണ് ആക്ഷേപം. എന്നാൽ സർക്കാർ സഹായം അനുവദിക്കുന്നതിൽ കാലതാമസമുണ്ടായത് മേയ് ഒന്ന് അവധിയായതിനാലാണെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച ഒരു പ്രവൃത്തി ദിനം മാത്രമാണ് ലഭിച്ചത്. ഞായർ അവധിയും. ഇന്ന് നടപടികൾ പൂർത്തിയാക്കി പരമാവധി വേഗത്തിൽ ശമ്പളം നൽകാനുള്ള നീക്കത്തിലാണെന്ന് അധികൃതർ പറഞ്ഞു.
Source link


