test del 3
‘പേട്രിയറ്റ്’, മികവുറ്റ സിനിമയുടെ ‘പോര്ട്രെയ്റ്റ്’; റിവ്യൂ Patriot Review

ഒരു ഫോൺ ക്ലിക്കിൽ ഒരായിരം ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് ബോധമുള്ളവർക്ക് അറിയാവുന്ന കാര്യമാണ്. എന്നിട്ടുപോലും സൈബർ അറസ്റ്റിന്റെ പേരിലും വ്യാജ ഓൺലൈൻ ലോണുകളുടെ പേരിലും ഭാഗ്യക്കുറികളുടെ പേരിലും പറ്റിക്കപ്പെടുന്നവർ നിരവധി. ഈ കെണിയിൽ അകപ്പെടുന്നവർക്ക് നഷ്ടമാകുന്നത് പണം മാത്രമല്ല അവരുടെ സ്വകാര്യത കൂടിയാണ്. ആരാണ് ഇതിനു പിന്നിലുള്ളവർ, എന്തുകൊണ്ടാണ് ഗവൺമെന്റുകൾക്കുപോലും ഇതിലൊരു ശക്തമായ നിയന്ത്രണം കൊണ്ടുവരാനാകാത്തത്? ഇങ്ങനെയുള്ള കോർപറേറ്റ് ഭീമന്മാർ സാധാരണക്കാരുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറിയാൽ ഉണ്ടായേക്കാവുന്ന അതിഭീകരമായ പ്രത്യാഘാതങ്ങളുടെ നേർക്കാഴ്ചയാണ് സംവിധായകനായ മഹേഷ് നാരായണൻ ‘പേട്രിയറ്റ്’ എന്ന സിനിമയിലൂടെ പറയുന്നത്.ഇതുപോലെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ഫോണുകളിലൂടെയും ലാപ്ടോപ്പുകളിലൂടെയും നുഴഞ്ഞു കയറുന്ന കോർപറേറ്റ് ഭീമന്മാർക്കെതിരെ ഒറ്റയ്ക്ക് പോരാട്ടത്തിനിറങ്ങുന്ന ഡോ. ഡാനിയൽ ജയിംസ് ആണ് കഥയിലെ നായകൻ. അയാളിപ്പോൾ ഒരു വിമതനാണ്, രാജ്യത്തിനകത്ത് അയാളൊരു രാജ്യദ്രോഹിയും. രാജ്യത്തെ ഏറ്റവും സത്യസന്ധനായ ഡിഫൻസ് റിസർച്ച് വിങ് സയന്റിഫിക് ഡയറ്കടർ ആയ ഡാനിയൽ എങ്ങനെ രാജ്യദ്രോഹിയാകുന്നു? സാധാരണക്കാരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിന് ഒരവസാനമുണ്ടാകുമോ? എന്നീ ചോദ്യങ്ങളുമായാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നത്.‘മിഷൻ ഇംപോസിബിൾ’ പോലുള്ള ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന അതേ വേൾഡ് ബിൽഡിങിൽ പറഞ്ഞുപോകുന്ന സ്റ്റൈലൈസ്ഡ് മേക്കിങ്. സിനിമയുടെ ജിയോഗ്രഫിക്കുമുണ്ട് പ്രത്യേകതകൾ. യുകെ, ഗൾഫ്, ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ സിനിമയ്ക്കൊരു രാജ്യാന്തര നിലവാരം കൊണ്ടുവരുന്നുണ്ട്. ഇത്രയും വലിയ ക്യാൻവാസിൽ, മികച്ച ഉള്ളടക്കത്തോടെയും അവതരണ–സാങ്കേതിക മികവോടെയും ചിത്രം അവതരിപ്പിച്ചതിനു പിന്നിൽ വലിയൊരു ടീം വർക്കിന്റെ പ്രയത്നമുണ്ട്. ക്യാമറ, ആർട്, മ്യൂസിക്, ആക്ഷൻ എന്നീ വിഭാഗങ്ങളെല്ലാം ഒന്നിനൊന്നുമെച്ചം.
Source link


