ആക്രി സാധനങ്ങൾ വിറ്റതിലൂടെ റെയിൽവേയുടെ വരുമാനം 6813 കോടി രൂപ; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെയുള്ള നേട്ടം

ന്യൂഡൽഹി: ഉപയോഗ ശൂന്യമായ വസ്‌തുക്കളുടെ (സ്‌ക്രാപ്പ്) വില്പന നടത്തിയതിലൂടെ ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിച്ചത് 6813.86 കോടി രൂപ. 2025 – 2026 സാമ്പത്തിക വർഷത്തിലെ കണക്കാണിത്. 6000 കോടിയെന്ന ലക്ഷ്യമാണ് മറികടന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെതന്നെ ടിക്കറ്റ് ഇതര മാർഗങ്ങളിലൂടെ സ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കുന്ന നടപടികളാണ് പിന്തുടരുന്നതെന്നും റെയിൽവേ ചൂണ്ടിക്കാട്ടി.
2024-2025 സാമ്പത്തിക വർഷത്തിലും ഉപയോഗ ശൂന്യമായ വസ്തുക്കളുടെ വില്പനയിലൂടെ റെയിൽവേ കോടികൾ സമ്പാദിച്ചിരുന്നു. അന്ന് 6641.78 കോടി രൂപയായിരുന്നു കിട്ടിയത്. 5400 കോടി രൂപയായിരുന്നു ലക്ഷ്യം. 2021-2022 സാമ്പത്തിക വർഷത്തിൽ 290 കോടി രൂപയായിരുന്നു റെയിൽവേയുടെ ടിക്കറ്റ് ഇതര വരുമാനം. ഇത് 2025-2026 സാമ്പത്തിക വർഷത്തിലെത്തിയപ്പോൾ 777.76 കോടി രൂപയായി ഉയർന്നു. അഞ്ചുവർഷത്തിനിടെ 168 ശതമാനം വർദ്ധനവാണുണ്ടായത്.
പരസ്യം, റെയിൽവേ ആസ്‌തികളുടെ വാണിജ്യപരമായ ഉപയോഗം തുടങ്ങിയവയിലൂടെയാണ് പ്രധാനമായും റെയിൽവേ ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നത്. മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം, മെഡിക്കൽ കെയർ സെന്റർ, നഴ്‌സിംഗ് പോഡുകൾ, വാഗൺ ക്ളീനിംഗ് കരാറുകൾ, ഇ – വീൽചെയർ സൗകര്യം, ഹെൽത്ത് കിയോസ്‌ക്, ഗെയിമിംഗ് സോൺ, പ്രീമിയം കോ – വർക്കിംഗ് സ്‌പേസ്, ഡിജിറ്റൽ ലോഞ്ച്, അതിവേഗ വൈ ഫൈ, പ്ളാറ്റ്‌ഫോം ബ്രാൻഡിംഗ് തുടങ്ങിയവയാണ് റെയിൽവേയുടെ മറ്റ് ടിക്കറ്റ് ഇതര വരുമാന മാർഗങ്ങൾ.
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIAN RAILWAY, RAILWAY SRAP, SCRAP SALE
Source link


