ലൗ ജിഹാദ് ആരോപണത്തിന് മറുപടിസ്നേഹിക്കാൻ മതം മാറേണ്ടതില്ല: മോണാലിസ പ്രായവിവാദം അടിസ്ഥാനരഹിതം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് പിന്നാലെ ഉയർന്ന ലൗ ജിഹാദ് ആരോപണങ്ങളും പ്രായത്തെച്ചൊല്ലിയുള്ള വിവാദങ്ങളും നിഷേധിച്ച് കുംഭമേള വൈറൽ സുന്ദരി മോണാലിസ ഭോസ്ലെയും ഭർത്താവ് മുഹമ്മദ് ഫർമാനും. സ്നേഹിക്കാൻ മതം മാറേണ്ടതില്ല. തങ്ങൾ സ്വന്തം മതവിശ്വാസങ്ങളിൽ തന്നെ ഉറച്ചുനിൽക്കും. വിവാഹത്തിനുവേണ്ടി മതം മാറിയിട്ടില്ല. മോണാലിസ ഹിന്ദുവായും ഫർമാൻ മുസ്ലിമായും തുടരും. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇരുവരും വ്യക്തമാക്കി.ഉത്തരേന്ത്യൻ മാദ്ധ്യമങ്ങളിൽ തങ്ങളുടെ വിവാഹം ലൗ ജിഹാദ് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് വസ്തുതകൾ വ്യക്തമാക്കാൻ വാർത്താസമ്മേളനം വിളിച്ചതെന്നും ദമ്പതികൾ പറഞ്ഞു. തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പ്രചാരണം തെറ്റാണെന്ന് മോണാലിസ പറഞ്ഞു. ഇത് തെളിയിക്കാൻ 2008 ജനുവരി ഒന്ന് എന്ന ജനനത്തീയതി രേഖപ്പെടുത്തിയ ആധാർ കാർഡും മദ്ധ്യപ്രദേശിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റും വാർത്താസമ്മേളനത്തിൽ ഹാജരാക്കി.പ്രായപൂർത്തിയാകാതെ എങ്ങനെയാണ് കെ-സ്മാർട്ട് വഴി വിവാഹം രജിസ്റ്റർ ചെയ്യാനും പൂവാർ പഞ്ചായത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാനും സാധിക്കുകയെന്ന് ഫർമാൻ ചോദിച്ചു. വിവാഹത്തിന് പിന്തുണ നൽകിയ മന്ത്രിമാർക്കും രാഷ്ട്രീയ നേതൃത്വത്തിനും ഇരുവരും നന്ദി പറഞ്ഞു. പി.ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ‘നാഗമ്മ’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ചിത്രത്തിൽ നായികയാണ് മോണാലിസ. ഫർമാൻ വില്ലൻ വേഷത്തിലാണ് എത്തുന്നത്.
Source link



