കടുപ്പിച്ച് ഇറാൻ;ഒമാനിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു # ആക്രമണം എണ്ണക്കപ്പലുകളിൽ, രണ്ട് ഇന്ത്യക്കാരെ കാണാതായി #സൈപ്രസിലേക്കും ആക്രമണം # എഫ് -15 വിമാനം തകർന്നു # ഗാസാ അതിർത്തി അടച്ചു

f
ടെഹ്റാൻ: പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ വധിച്ചതിന് തിരിച്ചടിയായി ഇസ്രയേലിലേക്കും ഗൾഫ് മേഖലയിലെ യു.എസ് സൈനിക ബേസുകൾക്കു നേരെ ആക്രമണം കടുപ്പിച്ച് ഇറാൻ. ഒമാൻ തീരത്തെ എണ്ണക്കപ്പലുകളിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരെ കാണാതായി. ‘സ്കൈലൈറ്റ് “, ‘എം.കെ.ഡി വ്യോം” എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
ഞായറാഴ്ച മസ്ക്കറ്റിന് വടക്ക് 50 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് മാർഷൽ ഐലൻഡ്സ് പതാക വഹിക്കുന്ന വ്യോം ആക്രമിക്കപ്പെട്ടത്. കപ്പലിൽ പൊട്ടിത്തെറിയുണ്ടായി. എൻജിൻ റൂമിലുണ്ടായിരുന്ന ജീവനക്കാരനാണ് മരിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് സ്കൈലൈറ്റ് ആക്രമിക്കപ്പെട്ടത്. ഇരുകപ്പലുകളിൽ നിന്നും ഏകദേശം 28 ഇന്ത്യക്കാരെ രക്ഷപെടുത്തിയെന്നാണ് വിവരം.
ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ സൽമാൻ തുറമുഖത്തിന് സമീപം യു.എസ് നാവിക കേന്ദ്രം ആക്രമിച്ചു. യു.എസ് നാവിക സേനയുടെ ഫിഫ്ത്ത് ഫ്ലീറ്റിന്റെ ആസ്ഥാനം ഇവിടെയാണ്. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയ്ക്ക് സമീപം മിസൈൽ അവശിഷ്ടം പതിച്ച് കപ്പലിന് തീപിടിച്ചു. ഇറാനിലെ എംബസി അടയ്ക്കുമെന്ന് യു.എ.ഇ അറിയിച്ചു.
ഇസ്രയേലിൽ ടെൽ അവീവിലും ജെറുസലേമിലും അടക്കം ഇറാന്റെ ആക്രമണം തുടരുകയാണ്. ഇസ്രയേലിൽ അടിയന്തരാവസ്ഥ 12 വരെ നീട്ടി. 200ഓളം കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ട്. സംഘർഷ പശ്ചാത്തലത്തിൽ ഗാസയിലെ എല്ലാ അതിർത്തി പാതകളും ഇസ്രയേൽ അടച്ചു.
യു.എസിന്റെ അടിച്ചമർത്തലുകൾക്ക് മറക്കാനാകാത്ത പാഠം നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കൊല്ലപ്പെട്ട കമാൻഡർമാർക്ക് പകരക്കാരെ നിയമിച്ചെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഞെട്ടി യൂറോപ്യൻ
യൂണിയൻ
യൂറോപ്യൻ യൂണിയന്റെ ഭാഗമായ സൈപ്രസിലും ഇറാന്റെ ഡ്രോൺ ആക്രമണം. അക്രോതിരിയിലുള്ള ബ്രിട്ടീഷ് എയർഫോഴ്സ് ബേസിനെയാണ് ലക്ഷ്യമാക്കിയത്. റൺവേയ്ക്ക് അടക്കം നാശംസംഭവിച്ചു. ആളപായമില്ല. ഇറാനെ ആക്രമിക്കാൻ അമേരിക്ക ഈ ബേസ് ഉപയോഗിച്ചിരുന്നു.
സൈപ്രസ് ലക്ഷ്യമാക്കി വന്ന ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകളെ ബ്രിട്ടീഷ് വ്യോമസേന മെഡിറ്ററേനിയൻ കടലിന് മുകളിൽവച്ചു തകർത്തിരുന്നു. ഇതോടെ, ഇറാനിലെ മിസൈൽ കേന്ദ്രങ്ങളെ ആക്രമിക്കാൻ മേഖലയിലെ തങ്ങളുടെ ബേസുകൾ ഉപയോഗിക്കാൻ യു.എസിന് ബ്രിട്ടൻ അനുമതി നൽകി.
കുവൈറ്റിൽ യു.എസ്
യുദ്ധവിമാനം തകർന്നു
യു.എസിന്റെ എഫ് -15 യുദ്ധവിമാനം കുവൈറ്റിൽ തകർന്നുവീണു. വിമാനത്തെ തങ്ങൾ വെടിവച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു. പടിഞ്ഞാറൻ കുവൈറ്റിലെ അലി അൽ സലീം എയർ ബേസിന് സമീപമായിരുന്നു സംഭവം. ബേസിലുള്ള യു.എസിന്റെ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ നിന്നുള്ള മിസൈൽ അബദ്ധത്തിൽ ഏറ്റാണ് അപകടമെന്നാണ് റിപ്പോർട്ട്. പൈലറ്റ് പാരച്യൂട്ട് വഴി പുറത്തുകടന്നു. അവശിഷ്ടങ്ങൾ മിന അൽ അഹ്മ്മദി റിഫൈനറിക്കുള്ളിൽ വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. യു.എസിന്റെ ഒന്നിലേറെ യുദ്ധവിമാനങ്ങൾ സമാന രീതിയിൽ തകർന്നെന്ന് കുവൈറ്റ് അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഘർഷം അവസാനിപ്പിക്കണം
നെതന്യാഹുവിനോട് മോദി
ന്യൂഡൽഹി: ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി നെതന്യാഹുവിനെ ഫോണിൽ വിളിച്ച മോദി ഇന്ത്യയുടെ ആശങ്കകൾ അറിയിക്കുകയും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജ്യ സുരക്ഷ, തന്ത്രപരമായ വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന സുരക്ഷയ്ക്കായുള്ള മന്ത്രിസഭ ഉപസമിതി യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി അടിയന്തര ഫോൺ വിളി നടത്തിയത്.
പശ്ചിമേഷ്യൻ സ്ഥിതിഗതികൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരടങ്ങിയ സുരക്ഷാ സമിതി ചർച്ച ചെയ്തെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ സന്ദർശനം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ ഉടനാണ് പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയത്.
നെതന്യാഹുവിനെ വിളിക്കും മുൻപ് മോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചിരുന്നു. യു.എ.ഇയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രി അവിടെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് നന്ദി പറഞ്ഞു.
Source link



