NATIIONAL

25 കോടിയുടെ താരത്തിന് ആദ്യ അർധ സെഞ്ചറി, എന്നിട്ടും സ്കോർ 200 കടക്കാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്


അഹമ്മദാബാദ്∙ 25 കോടി രൂപയ്ക്ക് ടീമിലെടുത്ത കാമറൂൺ ഗ്രീന്‍ ആദ്യമായി തന്റെ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 181 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 180 റണ്‍സെടുത്തു പുറത്തായി. 55 പന്തുകൾ നേരിട്ട കാമറൂൺ ഗ്രീൻ നാല് സിക്സുകളും ഏഴു ഫോറുകളുമുൾപ്പടെ 79 റൺസെടുത്തു. റോവ്മൻ പവൽ (20 പന്തിൽ 27), ടിം സെയ്ഫർട്ട് (14 പന്തിൽ 19), രമൺദീപ് സിങ് (എട്ടു പന്തിൽ 17) എന്നിവരാണ് കൊൽക്കത്തയുടെ മറ്റു പ്രധാന സ്കോറർമാര്‍.കാമറൂൺ ഗ്രീൻ പിടിച്ചുനിന്നതോടെ 12 ഓവറിൽ ടീം സ്കോർ 100 പിന്നിട്ടു. മധ്യനിരയില്‍ അനുകൂല്‍ റോയ് (ഒൻപത്), റിങ്കു സിങ് (ഒന്ന്), രമൺദീപ് സിങ് (17), സുനിൽ നരെയ്ൻ (പൂജ്യം) എന്നിവരും ഒന്നും ചെയ്യാനാകാതെ മടങ്ങിയതോടെ കൊൽക്കത്തയുടെ പോരാട്ടം ഗ്രീനിൽ ഒതുങ്ങി. 20–ാം ഓവറിലെ അവസാന പന്തിൽ ഗുജറാത്ത് സ്പിന്നർ റാഷിദ് ഖാനാണ് ഗ്രീനിനെ മടക്കുന്നത്. ഗുജറാത്തിനായി കഗിസോ റബാദ മൂന്നും മുഹമ്മദ് സിറാജ്, അശോക് ശർമ എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയ്ക്കും റാഷിദ് ഖാനും ഓരോ വിക്കറ്റുണ്ട്.


Source link

Back to top button