തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദത്തിന്റെ ഗുണനിലവാരം അറിയാൻ പുതിയ ടെക്‌നോളജി, മായം കലർന്നാൽ ഉടൻ കണ്ടെത്തും

പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതികവിദ്യയുമായി ആന്ധ്രാപ്രദേശ് സർക്കാർ. തിരുമലയിലെ തിരുപ്പതി ലഡുവിന്റെയും മറ്റ് പ്രസാദങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനാണ് അത്യാധുനിക ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസമാണ് ഇതിന്റെ പ്രവർത്തനം തുടങ്ങുന്നത്. പ്രസാദ നിർമ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യ് ഉൾപ്പെടെയുള്ള ചേരുവകളിൽ മായം കലരുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഏകദേശം 25 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ നീക്കിവച്ചിരിക്കുന്നത്. തിരുമലയിലെ ഒരു ഫ്ളോർ മിൽ കെട്ടിടത്തിൽ 12,000 ചതുരശ്ര അടിയിലാണ് ലാബിനുള്ള സ്ഥലം സജ്ജീകരിച്ചിരിക്കുന്നത്. ആന്ധ്രാ സർക്കാരും ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഇത് നടപ്പിലാക്കുക. ഫ്രാൻസിൽ നിന്ന് ഏകദേശം 3.5 കോടി രൂപ ചെലവഴിച്ചാണ് ലാബിലേക്കുള്ള അത്യാധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ഇലക്ട്രോണിക് നോസ്, ഇലക്ട്രോണിക് ടംഗ് എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഉപകരണങ്ങളാണ് ലാബിലേക്ക് കൊണ്ടുവരുന്നത്.
ഇലക്ട്രോണിക് നോസ് മണത്തിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ പോലും തിരിച്ചറിയും. ചേരുവകളിൽ മലിനീകരണമോ കേടുപാടുകളോ ഉണ്ടെങ്കിൽ അവ ഇലക്ട്രോണിക് നോസിന്റെ സെൻസറിംഗ് സംവിധാനത്തിലൂടെ കണ്ടെത്തും. രുചിയും ഗുണനിലവാരവും പരിശോധിക്കാനുള്ള ഉപകരണമാണ് ഇലക്ട്രോണിക് ടംഗ്. മനുഷ്യർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത രുചിയിലെ വ്യത്യാസങ്ങളും ഘടനയിലെ മാറ്റങ്ങളും ഇതിലൂടെ കണ്ടെത്താം. ലഡു ഉണ്ടാക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന നെയ്യുടെ ഗുണനിലവാരം പരിശോധിക്കാനാണ് ഈ ഉപകരണങ്ങളെ ഉപയോഗിക്കുക. നെയ്യിൽ കലർത്തുന്ന മായങ്ങൾ വളരെ കൃത്യമായി കണ്ടെത്താൻ ഇതിലൂടെ സഹായിക്കും.
60ലധികം അസംസ്‌കൃത വസ്തുക്കളാണ് ലാബിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നത്. നെയ്യ്, കശുവണ്ടി, ഏലക്ക, പഞ്ചസാര, ബദാം, ജീരകം, ഉണക്കമുന്തിരി, കടലപ്പരിപ്പ്, അരി, വെള്ളം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കീടനാശിനികളുടെ സാന്നിധ്യം, ലോഹ മലിനീകരണം എന്നിവ കണ്ടെത്താനുള്ള സെൻസറുകളും ലാബിൽ സജ്ജമാണ്.
2019നും 2024നും ഇടയിൽ തിരുമലയിലേക്ക് വിതരണം ചെയ്ത ലക്ഷക്കണക്കിന് കിലോ നെയ്യിൽ മായം കലർന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരമൊരു സുരക്ഷാ നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. പാം ഓയിൽ ഉൾപ്പെടെയുള്ളവ കലർത്തി വിതരണം ചെയ്തതിലൂടെ കോടികളുടെ അഴിമതി നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Source link



