LATEST

കിവികളെ കൊത്തിവീഴ്ത്തി ഇംഗ്ളണ്ട്


world cup

പാകിസ്ഥാന് പ്രതീക്ഷ, വലിയ മാർജനിൽ ലങ്കയെ തോൽപ്പിക്കണം

കൊളംബോ : ട്വന്റി-20 ലോകകപ്പിൽ ഇന്നലെ ന്യൂസിലാൻഡിനെ സൂപ്പർ എട്ട് റൗണ്ടിൽ ഇംഗ്ളണ്ട് നാലുവിക്കറ്റിന് തോൽപ്പിച്ചതോടെ പാകിസ്ഥാന് സെമിഫൈനലിലേക്ക് നേരിയ പ്രതീക്ഷ. ഇന്ന് നടക്കുന്ന സൂപ്പർ എട്ട് റൗണ്ടിലെ രണ്ടാം ഗ്രൂപ്പിലെ അവസാനമത്സരത്തിൽ പാകിസ്ഥാൻ വലിയ മാർജിനിൽ ശ്രീലങ്കയെ തോൽപ്പിക്കുകയാണെങ്കിൽ റൺറേറ്റിന്റെ മികവിൽ പാകിസ്ഥാന് സെമിയിലെത്താം. ഇംഗ്ളണ്ട് നേരത്തേതന്നെ സെമി ഉറപ്പിച്ചിരുന്നു. ഇന്ന് പാകിസ്ഥാന്റെ കളിയാണ് കിവീസിന്റെ സെമി സാദ്ധ്യതകളും നിശ്ചയിക്കുക. പാകിസ്ഥാൻ തോറ്റാൽ കിവീസ് അകത്താകും.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടിയപ്പോൾ ഇംഗ്ളണ്ട് 19.3 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. രണ്ട് റൺസ് നേടുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായ ഇംഗ്ളണ്ടിനെ ഹാരി ബ്രൂക്ക് (26), ജേക്കബ് ബെഥേൽ (21), ടോം ബാന്റൺ (33),സാം കറാൻ(24), വിൽ ജാക്സ് (32), രെഹാൻ അഹമ്മദ് (19) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ലക്ഷ്യത്തിലെത്തിച്ചത്.

ഓപ്പണിംഗിന് ഇറങ്ങിയ ടിം സീഫർട്ടും (35), ഫിൻ അല്ലെനും (29) ചേർന്ന് മാന്യമായ തുടക്കമാണ് ന്യൂസിലാൻഡിന് നൽകിയത്. ഏഴോവറിൽ 64 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഇവർ പിരിഞ്ഞത്. ആദിൽ റഷീദിന്റെ പന്തിൽ സീഫർട്ടിനെ സ്റ്റംപ് ചെയ്ത് കീപ്പർ ബട്ട്‌ലറാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. 25 പന്തുകൾ നേരിട്ട സീഫർട്ട് മൂന്ന് ഫോറുകളും രണ്ട് സിക്സുകളും പായിച്ച ശേഷമാണ് കൂടാരം കയറിയത്. തൊട്ടടുത്ത ഓവറിൽ അല്ലനെ വിൽ ജാക്സ് കൂടാരം കയറ്റി. 19 പന്തുകളിൽ മൂന്ന് സിക്സുകൾ പായിച്ച അല്ലനെ ബെഥേലാണ് ക്യാച്ചെടുത്തത്. ഇതോടെ കിവീസ് 66/2 എന്ന നിലയിലായി.

തുടർന്ന് മൂന്നാം വിക്കറ്റിൽ ഒരുമിച്ച ഗ്ളെൻ ഫിലിപ്പ്സും (39) രചിൻ രവീന്ദ്രയും (11) ചേർന്ന് 97ലെത്തിച്ചു. അവിടെ വച്ച് രവീന്ദ്രയെ (11) രെഹാൻ അഹമ്മദിന്റെ പന്തിൽ ബെഥേൽ പിട‌ികൂടി.തുടർന്ന് മാർക്ക് ചാപ്പ്മാൻ (15),ഡാരിൽ മിച്ചൽ (3),ഫിലിപ്പ്സ്,കോൾ മക്കൊഞ്ചീ(14)എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ക്യാപ്ടൻ മിച്ചൽ സാന്റ്നർ 9 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ളണ്ടിന് വേണ്ടി ആദിൽ റഷീദും വിൽജാക്സും രെഹാൻ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലിയാം ഡാസന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന് തുടക്കം പിഴച്ചു. രണ്ട് റൺസ് നേടുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ ഓവറിൽ ഹെൻറിയുടെ ബൗളിംഗിൽ ഫിൽ സാൾട്ടിനെയും (4), രണ്ടാം ഓവറിൽ ഫെർഗൂസന്റെ ബൗളിംഗിൽ ജോസ് ബട്ട്‌ലറെയും കീപ്പർ സീഫർട്ട് പിടികൂടുകയായിരുന്നു.തുടർന്ന് ഹാരി ബ്രൂക്ക് (26), ജേക്കബ് ബെഥേൽ (24)എന്നിവർ കരകയറ്റാൻ ശ്രമിച്ചു.

ഇന്ത്യ നാളെ വിൻഡീസിനോട്

സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യ നാളെ കൊൽക്കത്ത ‌ഈഡൻ ഗാർഡൻസിൽ വച്ച് വിൻഡീസിനെ നേരിടും. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ സിംബാബ്‌വേയെ കീഴടക്കിയിരുന്നു. വിൻഡീസ് ആദ്യ കളിയിൽ സിംബാബ്‌വേയെ തോൽപ്പിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റു. ഒന്നാം ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നാലുപോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. വിൻഡീസിനും ഇന്ത്യയ്ക്കും രണ്ട് പോയിന്റ് വീതമാണെങ്കിലും റൺറേറ്റിൽ വിൻഡീസ് മുന്നിൽ. അതിനാൽ നാളെ വിൻഡീസിനെതിരെ വലിയ മാർജിനിലെ വിജയത്തോടെ സെമിയിലേക്ക് എത്താനാകും ഇന്ത്യ ശ്രമിക്കുക. നാളെ ഇന്ത്യയുടെ മത്സരത്തിന് മുമ്പ് ദക്ഷിണാഫ്രിക്കയും സിംബാബ്‌വേയും തമ്മിലുള്ള സൂപ്പർ എട്ട് മത്സരം നടക്കും.

പാകിസ്ഥാന് സെമിയിലെത്തണമെങ്കിൽ

ഇന്ന് ശ്രീലങ്കയെ ഏറ്റവും കുറഞ്ഞത് 64 റൺസിന് തോൽപ്പിക്കണം. പാകിസ്ഥാൻ ചേസ് ചെയ്യുകയാണെങ്കിൽ 13.1 ഓവറിനുള്ളിൽ ലക്ഷ്യത്തിലെത്തണം.


Source link

Related Articles

Back to top button