‘ചിരിച്ചുകൊണ്ടിരുന്നവർ ചിരിയോടെ മടങ്ങി’; ഭാഗ്യരാജിന്റെ വിയോഗത്തിൽ വൈകാരിക പ്രതികരണവുമായി സുഹാസിനി

നടി ഖുശ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹ ചടങ്ങിനിടെ, photo credit: X
ചെന്നൈ: പ്രമുഖ സംവിധായകനും നടനുമായ കെ ഭാഗ്യരാജിന്റെ വിയോഗം ഏറെ സങ്കടപ്പെടുത്തുന്നതെന്ന് നടി സുഹാസിനി. കഴിഞ്ഞ ദിവസം നടന്ന ഖുഷ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹത്തിന് എല്ലാവാർക്കുമൊപ്പം ഊർജസ്വലനായി അദ്ദേഹവും ഉണ്ടായിരുന്നതായും സുഹാസിനി പറഞ്ഞു. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ ഭാഗ്യരാജും ഭാര്യ പൂർണിമയും ഏറെ സന്തോഷത്തോടെയാണ് പങ്കെടുത്തത്. ചിരിച്ചുകൊണ്ടിരുന്നവർ ചിരിയോടെ മടങ്ങിയെന്ന് വേദനയോടെ സുഹാസിനി പ്രതികരിച്ചു.
ഭാഗ്യരാജിന് അന്തിമോപചാരം അർപ്പിക്കുന്നതിന് എത്തിയപ്പോഴായിരുന്നു സുഹാസിനിയുടെ വൈകാരിക പ്രതികരണം. ‘ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് ഞങ്ങൾ എല്ലാവരും ഒന്നിച്ചുണ്ടായിരുന്നു. അവർ മിനിയാന്നും ഞങ്ങൾ ഇന്നലെയുമാണ് മടങ്ങിയെത്തിയത്. വലിയ സന്തോഷത്തിലായിരുന്നു അദ്ദേഹം.’- സുഹാസിനി പറഞ്ഞു.
ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് ചിരിയോടെ നിൽക്കുന്ന ഭാഗ്യരാജിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. പഴയ സിനിമാ താരങ്ങളെല്ലാം ചടങ്ങിനെത്തിയിരുന്നു. പഴയ ഓർമകളും സൗഹൃദങ്ങളും പുതുക്കാനുള്ള ഒരു വേദി കൂടിയായിരുന്നു ആ വിവാഹം. വിവാഹത്തിന് നിറസാന്നിധ്യമായിരുന്ന ഭാഗ്യരാജിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവർക്കും കടുത്ത വേദനയാണ് നൽകിയത്.
Source link


