NEWS
വിജയ് മല്യ രേഖകൾ ആവശ്യപ്പെട്ടിരുന്നു; കിട്ടിയില്ല, സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായി എസ്ഐടി

ശബരിമല ∙ സ്വർണക്കൊള്ളക്കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) വിലയിരുത്തൽ. 1998–99 കാലത്ത് യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞ രേഖകൾക്കായി ദേവസ്വം ആസ്ഥാനത്തും ശബരിമലയിലും പലതവണ പരിശോധന നടത്തിയിട്ടും ആദ്യഘട്ടത്തിൽ കണ്ടെത്താനായിരുന്നില്ല. സിപിഎം നേതാക്കളായ മുൻദേവസ്വം ബോർഡ് പ്രസിഡന്റുമാർ, എൽഡിഎഫ് പ്രതിനിധികളായ അംഗങ്ങൾ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ കേസിൽ കുടുങ്ങാതിരിക്കാനായി ഈ രേഖകൾ ദേവസ്വം ആസ്ഥാനത്തുനിന്നു മുക്കിയെന്നുമാണു വിലയിരുത്തൽ.എന്നാൽ രേഖകളുടെ സൂക്ഷിപ്പുകാരായ ജീവനക്കാർക്കെതിരെ നടപടിക്കു ഹൈക്കോടതിയെ സമീപിക്കുമെന്ന് എസ്ഐടി അന്ത്യശാസനം നൽകിയതിനെ തുടർന്നാണു ചില ജീവനക്കാർ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ഒക്ടോബർ 30നു ദേവസ്വം ആസ്ഥാനത്തെ മരാമത്ത് വിഭാഗം ചീഫ് എൻജിനീയറുടെ ഓഫിസിൽ പഴയ രേഖകൾ സൂക്ഷിച്ചിട്ടുള്ള മുറിയിൽനിന്നു രേഖകൾ കണ്ടെടുത്തത്. 420 പേജുള്ള ഫയലിൽ ശ്രീകോവിൽ സ്വർണം പൊതിയാൻ വിജയ് മല്യയ്ക്കു ഹൈക്കോടതി നൽകിയ അനുമതി, ദേവസ്വം ബോർഡിന്റെ ഉത്തരവുകൾ, സ്വിറ്റ്സർലൻഡിൽ നിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്തതിന്റെ രേഖകൾ തുടങ്ങിയ വിവരങ്ങളുണ്ട്. ചെന്നൈ മൈലാപ്പൂർ ജെഎൻആർ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള ശിൽപികൾ ഇതിന്റെ പണിക്കായി എത്തിയ വിവരങ്ങളും ഫയലിൽ ഉണ്ട്.
Source link


