NEWS

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: ‘നിലവിലെ ചർച്ചയിൽ പുരോഗതി; നാളെ വീണ്ടും യോഗം’


കൊച്ചി ∙ കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവിലെ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ചില കാര്യങ്ങളിൽ ധാരണയായെന്ന് മന്ത്രി റോജി എം.ജോൺ. ധാരണയാകാനുള്ള വിഷയങ്ങളിൽ നാളെ ചർച്ച ചെയ്തു തീരുമാനത്തിലെത്തുമെന്നും ഇന്നത്തെ ചർച്ചയിൽ ഗണ്യമായ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് എറണാകുളം കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ മന്ത്രിക്കു പുറമേ ഇരുവിഭാഗത്തിന്റെയും പ്രതിനിധികൾ, സ്ഥലം എംഎൽഎ വി.പി.സജീന്ദ്രൻ, ജില്ലാ കലക്ടർ ജി.പ്രിയങ്ക അടക്കമുള്ളവർ പങ്കെടുത്തു. പര്യത്ത്കാവില്‍ നിലവിൽ ദലിത് കുടുംബങ്ങൾ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഏതു ഭാഗത്തു സ്ഥലം വിട്ടുനൽകും എന്നതു സംബന്ധിച്ചുള്ള കാര്യങ്ങളാണ് തീരുമാനമാകാനുള്ളത് എന്നാണ് വിവരം. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയാറായില്ല.‘‘ഇരു കൂട്ടരുമായി സംസാരിച്ച് രമ്യമായ ഒരു പരിഹാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സർക്കാരും ജില്ലാ ഭരണകൂടവുമൊക്കെ മുൻകൈ എടുത്ത് നടക്കുന്നത്. അത് അത്തരത്തിൽ സാധ്യമാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. നിലവിലെ ചർച്ചയിൽ നല്ല പുരോഗതിയുണ്ട്. പല കാര്യങ്ങളിലും ഇരു കൂട്ടരും തമ്മില്‍ ധാരണയിൽ എത്തിയിട്ടുണ്ട്. ചില കാര്യങ്ങളിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. അത് മറ്റുള്ളവരുമായി കൂടിയാലോചിക്കാനുള്ള സാവകാശം അവർക്ക് ആവശ്യമുണ്ട്. അത് അവർ ഇന്നും നാളെയുമായി ആലോചിച്ച് നാളെ വീണ്ടും യോഗം ചേർന്ന് വീണ്ടും ചർച്ച ചെയ്യും. നാളത്തെ ചർച്ചയിൽ അന്തിമ പരിഹാരത്തിൽ എത്താ കഴിയുമെന്നാണ് പ്രതീക്ഷ. 16ാം തിയതി വരെ സമയമുണ്ട്. നാലല്ല നാൽപ്പതു തവണ ചർച്ച ചെയ്യാനും സർക്കാർ തയാറാണ്’’– രണ്ടു മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കു ശേഷം മന്ത്രി പറഞ്ഞു. 


Source link

Back to top button