NEWS
കുഞ്ഞു റിവാനിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

തിരുവനന്തപുരം ∙ വിഴിഞ്ഞം മുല്ലൂർ സർക്കാർ കെവിഎൽപിഎസിലെ ഒന്നാം ക്ലാസുകാരി റിവാനിക്ക് വീടുവച്ചു നൽകാമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉറപ്പ് ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്. റിവാനിക്ക് വീട് നിർമിച്ചു നൽകാൻ സന്നദ്ധമാണെന്ന് കൊട്ടാരക്കര ആസ്ഥാനമായുള്ള എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ മുഖ്യമന്ത്രിയെ അറിയിച്ചു. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി നടത്തുന്ന വിദ്യാമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി റിവാനിയുടെ തുടർ വിദ്യാഭ്യാസത്തിനുള്ള സഹായം നൽകുമെന്ന ഉറപ്പും ഡോ. ഗീവർഗീസ് മുഖ്യമന്ത്രി വി.ഡി. സതീശന് നൽകി. ‘രാത്രിയിൽ മഴ പെയ്താൽ ഉറങ്ങാനാകുന്നില്ല… അതുകൊണ്ടു പ്രിയ മുഖ്യമന്ത്രി അങ്കിളേ… ഞങ്ങൾക്ക് പുതിയ വീടുവച്ചു തരുമോ… അതിൽ ഞങ്ങളുറങ്ങാം… ഞാൻ വലുതാകുമ്പോൾ പൈസ തരാം…’ എന്ന് റിവാനി അഭ്യർഥിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ റിവാനിയുടെ മാതാവ് പ്രിയങ്കയുടെ ഫോണിൽ വിളിക്കുകയും വീട് നിർമിച്ചു നൽകുമെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നു. റിവാനിയും ഇവാനും പഠനത്തിൽ ഏറെ മിടുക്കരാണെന്ന് അധ്യാപിക റിനി പറയുന്നു. പ്രിയങ്ക ബിരുദവും ടിടിസിയും നേടിയതിനൊപ്പം കെ-ടെറ്റും വിജയിച്ചു. പക്ഷേ, താൽക്കാലിക ജോലി പോലും ലഭിച്ചില്ല. സർക്കാരിന്റെ ലൈഫ് പദ്ധതിയിലടക്കം പലതവണ വീടിനായി അപേക്ഷിച്ചെങ്കിലും ഇതുവരെയും അനുകൂലമായ നടപടിയുണ്ടായിട്ടില്ല. ഇതിനിടെയാണ് വീടിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ടിരിക്കുന്നത്.
Source link


