NEWS

മാസപ്പടി കേസ്; സിഎംആർഎല്ലിന് തിരിച്ചടി, രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കോടതി ഉത്തരവ്

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് വീണ്ടും തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ ശേഖരിച്ച സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട 134 രേഖകളും ഇഡിയ്ക്ക് കൈമാറണമെന്നാണ് പിഎംഎൽഎ കോടതിയുടെ ഉത്തരവ്.

സിഎംആർഎല്ലിന്റെ എതിർപ്പ് തള്ളിയാണ് കോടതി വിധി.

രേഖകൾ 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുമായും എക്‌സാലോജിക് കമ്പനിയുമായും സിഎംആർഎൽ ഉണ്ടാക്കിയ കരാർ, വീണയുടെ ഐടി റിട്ടേൺസ് ഉൾപ്പടെയുള്ള രേഖകൾ ഇഡിക്ക് കൈമാറണമെന്നും കോടതി നിർദേശം നൽകി.

എസ്എഫ്ഐഒ ആണ് രേഖകൾ ഹാജരാക്കേണ്ടത്. കോടതി വഴി രേഖകൾ ഇഡിയ്ക്ക് കൈമാറും. മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ തൈക്കണ്ടിക്കെതിരായി എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിർണായക വിധി. എസ്എഫ്‌ഐഒ ശേഖരിച്ച രേഖകൾ കൂടി ഇഡിക്ക് കൈമാറുന്നതോടെ അന്വേഷണം മറ്റൊരു ഘട്ടത്തിലേക്ക് മാറുമെന്നാണ് കരുതുന്നത്. എല്ലാ തെളിവും ശേഖരിച്ച ശേഷം തുട‌ർ നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം.


Source link
NEWS

Back to top button