NEWS
കൂട്ടിക്കൽ വീസ തട്ടിപ്പു കേസ്: അനീഷ് വാങ്ങിയത് 20 ലക്ഷം രൂപ വരെ; പരാതിക്കാരുടെ എണ്ണം വർധിക്കുന്നു

കൂട്ടിക്കൽ ∙ വീസ തട്ടിപ്പു കേസിൽ ട്രാവൽ ഏജൻസി അടച്ചു പൂട്ടിയ സംഭവത്തിൽ പരാതിക്കാരുടെ എണ്ണം വർധിക്കുന്നു. വീസ വാഗ്ദാനം നൽകി പണം വാങ്ങി മുങ്ങിയ സംഭവത്തിൽ കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ പാലകുന്നേൽ അനീഷ് ഉമ്മറിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ വീസ ആറു മാസത്തിനുള്ളിൽ നൽകാമെന്നു വിശ്വസിപ്പിച്ച് 5 മുതൽ 20 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് കേസ്. പണം നഷ്ടമായവർ ചേർന്ന് രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ അധികം ആളുകൾ അംഗങ്ങൾ ആയിട്ടുണ്ട്.10 വർഷത്തിലധികമായി വിവിധ പേരുകളിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി മതിയായ ലൈസൻസുകൾ ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. വീസ വ്യാപാരം നടത്തുന്നതിന് കേന്ദ്ര വിദേശ, തൊഴിൽ മന്ത്രാലയങ്ങളുടെ ലൈസൻസ് വേണമെന്നിരിക്കെ ഇവിടെ ആകെ ഉണ്ടായിരുന്നത് ചെറുകിട സംരംഭങ്ങൾക്കുളള ഉദ്യം റജിസ്ട്രേഷൻ മാത്രമായിരുന്നു. കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസ് വളപ്പിനോട് ചേർന്നു പ്രവർത്തിക്കുന്ന ഈ ട്രാവൽ ഏജൻസിയുടെ പഞ്ചായത്ത് ലൈസൻസ് 2025 മാർച്ചിൽ കാലാവധി കഴിഞ്ഞതാണ്.
Source link


