NEWS

സിപിഎമ്മിന് മുന്നിൽ മുട്ടുമടക്കില്ല, പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ. ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തു. പദവി കിട്ടിയേ തീരൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കും. വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും സി,​പി.എമ്മിന് മുന്നിൽ മുട്ടുമടക്കേണ്ടതില്ലെന്നും യോഗം വ്യക്തമാക്കി. ഇക്കാര്യത്തിൽ സി.പി.എമ്മിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

സി.പി.ഐ എൽ.ഡി.എഫിന്റെ ഭാഗമാണ്. എൽ.ഡി.എഫിന്റെ വളർച്ചയിലും താഴ്ചയിലും സി.പി.ഐയുടെ പങ്കുണ്ട്. എൽ.ഡി.എഫ് മപന്നണി എത്രമാത്രം സി,​പി.എമ്മിന്റേതാണോ അത്രയും സി.പി.ഐയുടേത് കൂടിയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫ് എന്നത് ഒരു പാർട്ടിയല്ല,​ മുന്നണിയാണ്. അതിനകത്ത് നിൽക്കുമ്പോൾ പാർട്ടികൾക്ക് കൊടുക്കുകയും ഏറ്റെടുക്കുകയും വേണ്ടി വരും. അത് തിരിച്ചറിയുമ്പോൾ പരിഹാരമുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം പ്രതിപക്ഷ ഉപനേതൃ പദവി നൽകാനാവില്ലെന്ന നിലപാടിലാണ് സി.പി.എം. പ്രതിപക്ഷത്തിരുന്നപ്പോഴെല്ലാം ഉപനേതാവ്പദവി വഹിച്ചിരുന്നത് സി.പി.എം ആയിരുന്നു എന്ന കീഴ്വഴക്കമാണ് പാർട്ടി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ചർച്ചയും പരാജയമായിരുന്നു.


Source link
NEWS

Back to top button