NEWS
കിലോമീറ്ററിന് 30 കോടി മുടക്കി നവീകരണം; തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് ഉദ്ഘാടനം: 2 മാസം തികയും മുൻപേ റോഡ് പൊട്ടിപ്പൊളിഞ്ഞു

മങ്കൊമ്പ് ∙ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് ഉദ്ഘാടനം നടത്തിയ എസി റോഡിൽ രണ്ടു മാസം തികയും മുൻപേ ടാറിങ് ഇളകിത്തുടങ്ങി. ഒരു കിലോമീറ്റർ റോഡ് നവീകരിക്കാൻ 30 കോടിയിലേറെ രൂപ ചെലവഴിച്ച റോഡ് ഉദ്ഘാടനം നടത്തി ആഴ്ചകൾ പിന്നിട്ടപ്പോൾ തന്നെ ദുരിത യാത്രയാണു സമ്മാനിക്കുന്നത്.നെടുമുടി പാലത്തിൽ അടുത്തയിടെ ടാറിങ് പൂർത്തിയായ സ്ഥലത്താണു പല ഭാഗങ്ങളിലായി ടാറിങ് ഇളകിയത്. ഈ ഭാഗത്തു താൽക്കാലികമായി ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും അതും തകർന്ന നിലയിലാണ്. മഴവെള്ളം ഒഴുകി മാറാത്തതിനാൽ റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടു രൂപപ്പെടുന്നതും പതിവാണ്. റോഡിന്റെ ഇരുവശത്തും ഓട നിർമിച്ചതിനാൽ മുൻ കാലങ്ങളിലേതു പോലെ ഇരുവശങ്ങളിലേക്കും സുഗമമായി വെള്ളം ഒഴുകി മാറുന്നില്ല. റോഡിൽ നിന്ന് ഓടയിലേക്കു വെള്ളം ഒഴുകി ഇറങ്ങാനുള്ള കുഴികൾ പലതും അടയുന്നതാണു ഒഴുക്കിനു തടസ്സമാകുന്നത്.എസി കനാലിൽ നിന്നു വെള്ളം ഒഴുകി മാറുന്നതിനായാണു കലുങ്കുകൾ നിർമിച്ചത്. എന്നാൽ കനാലിന്റെ എതിർവശത്തു പല സ്ഥലങ്ങളിലും പുരയിടങ്ങളാണ്. ഇതുവഴി എങ്ങനെ വെള്ളം ഒഴുകി മാറുമോന്നാണു നാട്ടുകാർ ആശ്ചര്യപ്പെടുന്നത്. ആലപ്പുഴ– ചങ്ങനാശേരി റോഡ് പുനർ നിർമിച്ചപ്പോൾ കുട്ടനാടൻ ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്ത നിർമാണ രീതിയാണ് പിന്തുടരുന്നതെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു. നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും പോരായ്മകൾ പരിഹരിക്കാതെ നിർമാണവുമായി മുന്നോട്ടു പോവുകയായിരുന്നു.
Source link


