NEWS
‘ബെന്നി താഴേത്തലംമുതൽ സംഘടനയിൽ പ്രവർത്തിക്കുന്നയാൾ’: വിവാദങ്ങളിൽ കഴമ്പില്ലെന്ന് ഡിസിസി

കണ്ണൂർ ∙ മന്ത്രി സണ്ണി ജോസഫിന്റെ പഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഉയർത്തുന്ന വിവാദത്തിൽ കഴമ്പില്ലെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. താഴേത്തലം മുതൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്ന ബെന്നി തോമസിനെ ഡിസിസി നിർദേശ പ്രകാരമാണ് മന്ത്രിയുടെ സ്റ്റാഫിലെടുത്തതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റായും പിന്നീട് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റായും സേവാദൾ ചെയർമാനായും പ്രവർത്തിച്ച് നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം സജീവമാണ് ബെന്നി തോമസ്. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡിസിസി നിർദേശപ്രകാരം കൃത്യമായ ഇടപെടലുകൾ നടത്തുന്ന ഭാരവാഹിയാണ്. കണ്ണൂരിലെ മലയോര കുടിയേറ്റ മേഖലയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായ അദ്ദേഹം, ജനങ്ങളുമായി നിരന്തരം ഇടപഴകുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിയാണ്.
Source link


