NEWS
കഴുത്തിൽ കല്ലുകെട്ടിയ നിലയിൽ വയോധികയുടെ മൃതദേഹം: അറസ്റ്റിലായത് സമീപവാസി, തെളിവെടുപ്പിന് എത്തിച്ചു

ആറാട്ടുപുഴ ∙ കഴുത്തിൽ കല്ലുകെട്ടിയ നിലയിൽ വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ആറാട്ടുപുഴ കിഴക്കേക്കര സാധു പുരത്ത് തെക്കതിൽ തങ്കമ്മയുടെ (80) സമീപവാസിയായ കനകക്കുന്ന് കൊച്ചുപടന്നയിൽ പ്രകാശനെ (54) ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച രാവിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ച ശേഷം സ്വർണ്ണം വിറ്റ കായംകുളത്ത് കടയിൽ തെളിവെടുപ്പിനായി കൊണ്ടുപോയി. കോടതിയിൽ നിന്ന് കസ്റ്റഡിയിൽ അപേക്ഷ വാങ്ങിയശേഷം തങ്കമ്മയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.കേസിൽ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം. ജില്ലാ പൊലീസ് മേധാവിയുടെയും തൃക്കുന്നപ്പുഴ, കനകക്കുന്ന് എസ്എച്ച്ഒമാരുടെയും നേതൃത്വത്തിലുള്ള സ്ക്വാഡുകളാണ് അന്വേഷണം നടത്തിയത്. വയോധിക ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും സ്ഥിരമായി സ്വർണാഭരണങ്ങൾ ധരിക്കാറുണ്ടെന്നും വ്യക്തമായി അറിയാവുന്നവർ തന്നെയാണ് കൃത്യത്തിന് പിന്നിലുള്ളതെന്നായിരുന്നു പൊലീസിന്റെ നിഗമനം. മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന മാലയും മോതിരവും നഷ്ടപ്പെടാതിരുന്നതിനാൽ പ്രതി വീടിനുള്ളിൽ കയറിയിട്ടില്ല എന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ വീടിന് വെളിയിൽ ഇറങ്ങിയ തങ്കമ്മയെ അപായപ്പെടുത്തി, ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ്.
Source link


