NEWS

80-ാം പിറന്നാളിൽ മധുരം നുണഞ്ഞ് സച്ചിദാനന്ദൻ


ബി. സതീഷ് | Saturday 30 May, 2026 | 1:29 AM

തൃശൂർ: ‘ആദ്യമായാണ് പിറന്നാൾ ആഘോഷിക്കുന്നത്, അതും 80-ാം പിറന്നാൾ ദിനത്തിൽ.” മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കെ. സച്ചിദാനന്ദൻ കേരളകൗമുദിയോട് പറഞ്ഞു. ‘മധുരം ഇഷ്ടമാണ്, കുറച്ച് മധുരമൊക്കെ കഴിച്ചു. ഷുഗറുണ്ട്, എന്നാലും… കുട്ടിക്കാലത്ത് പിറന്നാളാഘോഷിച്ച ഓർമ്മയുണ്ട്. വലുതായപ്പോൾ ആഘോഷങ്ങളില്ലാതായി. മക്കളായ സരിതയോ സബിതയോ വരുമ്പോഴാണ് പിറന്നാളിനെക്കുറിച്ചോർക്കുക. ഇക്കുറി ഞാൻ തന്നെ ഓർത്തു, എന്റെ 80-ാം പിറന്നാൾ”. അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ. വലിയ പെരുന്നാളും പിറന്നാളും ഒരേദിനം വന്നതിനാൽ ചിക്കൻ ബിരിയാണിയായിരുന്നു വീട്ടിലെ വിഭവം. ‘ഞാനും ഭാര്യ ബിന്ദുവും മാത്രമായാൽ ആഘോഷം വളരെ ചെറുതാകും, അതിനാൽ മൂത്തമകൾ സീനയും മരുമകൻ റോഷനുമെത്തി. പെങ്ങൾ ലളിതയുടെ മക്കളായ സ്വപ്നയും പരിമളയും പിന്നെ പരിമളയുടെ ഭർത്താവ് കരുണാകരനും വന്നു.” തൃശൂർ അരണാട്ടുകരയിലെ ചിറമ്മേൽ വീട്ടിൽ പിറന്നാളിനെത്തിയ ചെറിയ സംഘമിതാണ്. 70-ാം പിറന്നാളിന് ഡി.സി ബുക്‌സിന്റെയും ഇക്കുറി മറ്റൊരു പ്രസാധകരുടെയും ആഘോഷപരിപാടികൾ ഉണ്ടായിരുന്നെങ്കിലും ആദ്യമായി കുടുംബത്തോടൊപ്പം പിറന്നാളാഘോഷിച്ച സന്തോഷത്തിലാണ് സച്ചിദാനന്ദൻ. ഫേസ്ബുക്കിലും മൊബൈലിലും സന്ദേശമായും ഫോൺവിളികളായും പിറന്നാൾ ആശംസകൾ അയച്ച എല്ലാവർക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. എല്ലാവർക്കും മറുപടി നൽകിയതായും സച്ചിദാനന്ദൻ പറഞ്ഞു.


Source link
NEWS

Back to top button