NEWS
2.78 കോടി രൂപ എന്തിന്? സേവനം നൽകിയതിന്റെ തെളിവു നൽകാൻ കഴിഞ്ഞില്ല; വീണയെ ചോദ്യം ചെയ്യും

ന്യൂഡൽഹി ∙ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ), ടി.വീണയ്ക്കും എക്സാലോജിക്കിനുമായി 2.78 കോടി രൂപ എന്തിനു നൽകിയെന്നതാണ് ഉത്തരം വേണ്ട പ്രധാന ചോദ്യമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആദായ നികുതി വകുപ്പിനും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനും (എസ്എഫ്ഐഒ) ഇതേ ചോദ്യമാണ് ഉണ്ടായിരുന്നത്. മറ്റ് ഏജൻസികളിൽ നിന്നുൾപ്പെടെ ഇതുവരെ ലഭിച്ച രേഖകളും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചോദ്യം ചെയ്തതിൽനിന്നുള്ള വിവരങ്ങളും വിശകലനം ചെയ്തശേഷം വിശദമായ ചോദ്യം ചെയ്യലിനു വീണയെ വിളിപ്പിക്കുമെന്നും ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. സിഎംആർഎലിൽനിന്ന് വീണയ്ക്കും എക്സാലോജിക്കിനുമായി 1.72 കോടി ലഭിച്ചെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഇത് ‘തീരുമാനങ്ങളെടുക്കുന്ന പ്രധാന വ്യക്തി’യുടെ മകൾ എന്ന നിലയ്ക്ക് വീണയ്ക്കു ലഭിച്ച പണമാണെന്ന ആദായ നികുതി വകുപ്പിന്റെ വിലയിരുത്തൽ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ശരിവച്ചിരുന്നു. എന്നാൽ, എസ്എഫ്ഐഒ നടത്തിയ പരിശോധനയിൽ 2.78 കോടിയുടെ ഇടപാടിന്റെ വിശദാംശങ്ങളാണ് ലഭിച്ചതെന്നും എന്തെങ്കിലും സേവനം നൽകിയതിന്റെ തെളിവു നൽകാൻ വീണയ്ക്കു സാധിച്ചില്ലെന്നും ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. തുകയുടെ കണക്ക് വീണയും ശരി വച്ചിട്ടുണ്ട്. 2.78 കോടിയിൽ 2.07 കോടി വീണയ്ക്കും 71 ലക്ഷം എക്സാലോജിക്കിനും ലഭിച്ചെന്നാണ് കണക്കുകളിൽനിന്ന് വ്യക്തമായത്.
Source link


