NEWS
സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം; ആവേശമായി ‘വെടിനിർത്തൽ’ നീക്കം, കേരളത്തിൽ 1160ന്റെ മുന്നേറ്റം

സ്വർണവില വീണ്ടും കുതിച്ചുകയറുന്നു. ഇറാനും യുഎസും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ ധാരണയിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലിനെ തുടർന്ന് ക്രൂഡോയിൽ വില ഇടിഞ്ഞതും ഡോളറും ബോണ്ടും (ട്രഷറി യീൽഡ്) തളർന്നതും സ്വർണത്തിന് തിരിച്ചുകയറാനുള്ള ആവേശമായി. ഇന്നലെ ഔൺസിന് രണ്ടുമാസത്തെ താഴ്ചയായ 4300 ഡോളർ നിലവാരത്തിലേക്ക് ഇടിഞ്ഞ രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് 4503 ഡോളറിൽ. ഒരുഘട്ടത്തിൽ വില 4520 ഡോളർ വരെ ഉയരുകയും ചെയ്തിരുന്നു.കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 145 രൂപ മുന്നേറി 14,450 രൂപയിലെത്തി. 1160 രൂപ ഉയർന്ന് 1,15,600 രൂപയാണ് പവന്. കഴിഞ്ഞ 3 ദിവസങ്ങളിലായി 2000 രൂപയിലധികം ഇടിഞ്ഞശേഷമാണ് കേരളത്തിൽ തിരിച്ചുകയറ്റം.എന്നാൽ, ഇറാനും യുഎസും തമ്മിലെ വെടിനിർത്തൽ നീക്കം പാളിയാൽ പ്രതീക്ഷകൾ മലക്കംമറിയും. എണ്ണവില വീണ്ടും കൂടാം, ഡോളർ കരുത്താർജ്ജിക്കാം, സ്വർണവില ഇടിയാം. കേരളത്തിൽ ഇന്ന് രാവിലെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 125 രൂപ വർധിച്ച് 11,940 രൂപയിലെത്തി. ഗ്രാമിന് 5 രൂപ ഉയർന്ന് 280 രൂപയാണ് വെള്ളിവില. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 120 രൂപ ഉയർത്തി 11,875 രൂപ. വെള്ളിക്ക് ഇവരും ഗ്രാമിന് 280 രൂപ നിശ്ചയിച്ചു.
Source link


