NEWS

വ്യാജ വിലാസത്തിൽ സ്ഫോടക വസ്തുക്കൾ, ഫ്ലാറ്റിൽ ലബോറട്ടറി; ചെങ്കോട്ട സ്ഫോടനത്തിലെ നിർണായക കണ്ടെത്തൽ


ന്യൂഡൽഹി ∙ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതി വ്യാജ വിലാസത്തിൽ സ്ഫോടകവസ്തുക്കൾ ശേഖരിക്കുകയും സ്വന്തം ഫ്ലാറ്റിൽ ചെറിയ തോതിലുള്ള കെമിക്കൽ ലബോറട്ടറി സ്ഥാപിക്കുകയും ചെയ്തിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എഐഎ) കണ്ടെത്തി. സ്ഫോടകവസ്തുക്കൾ നിറഞ്ഞ കാർ ഓടിക്കുന്നതിനിടയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ നബി എന്നയാളാണ് വ്യാജപേരിൽ രാസവസ്തുക്കളും പ്രത്യേക ഉപകരണങ്ങളും വാങ്ങിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കഴിഞ്ഞ വർഷം നവംബർ 10നാണ് രാജ്യതലസ്ഥാനത്തെ നടുക്കിയ കാർ ബോംബ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.അൽ ഫലാഹ് സർവ്വകലാശാലയ്ക്ക് സമീപം ഹരിയാനയിലെ ഫരീദാബാദിലുള്ള ഫ്ലാറ്റിലാണ് ഉമർ നബി താൽക്കാലിക ലബോറട്ടറി സജ്ജീകരിച്ചിരുന്നത്. ഓൺലൈൻ മാധ്യമങ്ങൾ വഴി ബോംബ് നിർമാണത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്ഫോടകവസ്തുക്കളുടെ ആദ്യരൂപം നിർമിക്കുന്നതിനായി ദീർഘകാലം ഈ ഫ്ലാറ്റിൽ വിവിധ രാസപരീക്ഷണങ്ങൾ നടത്തിവരികയായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കുന്നു. സ്ഫോടകവസ്തുക്കൾ നിർമിക്കാനുള്ള രാസവസ്തുക്കൾ ശേഖരിക്കുന്നതിനായി കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഉമറും കൂട്ടുപ്രതിയായ ഡോ. മുസമ്മിൻ ഷക്കീലും അഹമ്മദാബാദിലേക്ക് യാത്ര ചെയ്തിരുന്നു. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഭീകരവാദ ആശയങ്ങൾ അടങ്ങിയ സാഹിത്യങ്ങളും സ്ഫോടകവസ്തു നിർമാണവുമായി ബന്ധപ്പെട്ട കുറിപ്പുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഈ രേഖകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ പരീക്ഷണങ്ങൾ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് പത്ത് പ്രതികളെ ഉൾപ്പെടുത്തി ഏകദേശം 7,500 പേജുകളുള്ള കുറ്റപത്രമാണ് എൻഐഎ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.


Source link

Back to top button