NEWS
പിന്നിലൂടെ നിയന്ത്രണം വിട്ട ലോറി പാഞ്ഞെത്തി; താമരശ്ശേരി ചുരത്തിലെ ഞെട്ടിക്കുന്ന അപകട കാഴ്ച

കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിന്റെ എട്ടാം വളവിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും കാറിലും ഇടിച്ച ശേഷം റോഡിനു വശത്തെ ഓടയിലേക്ക് മറിഞ്ഞു. രാവിലെ ഏഴേകാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടർന്ന് ലോറി മാറ്റാത്തതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ചുരം ഇറങ്ങിവരികയായിരുന്ന കർണാടക റജിസ്ട്രേഷനിലെ ചരക്കു ലോറിയാണ് നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. ലോറി ഇടിച്ച ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് വാഹനത്തിന് അടിയിൽപെടാതിരുന്നത്. പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. എട്ടാം വളവിൽ ചെറിയ ഗതാഗത തടസം ഉണ്ടായതിനെത്തുടർന്ന് കാത്തിനിൽക്കുകയായിരുന്ന വാഹനങ്ങൾക്കിടയിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇടിച്ചുകയറിയത്. ബൈക്കിൽ ഇടിച്ച ശേഷം ലോറി തൊട്ടുമുന്നിലുണ്ടായിരുന്ന കാറിന്റെ പിൻഭാഗത്തും ഇടിച്ച ശേഷം റോഡ് അരികിലുള്ള ഓടയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപെട്ട കാറിന്റെ പിന്നിലെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
Source link


