NEWS

‘പിണറായി മന്ത്രിമാരെ കണ്ടത് ഭൃത്യരെപ്പോലെ; ബിനോയ് വിശ്വത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തേണ്ട ഗതികേട്’: വിമർശനം


ശാസ്താംകോട്ട (കൊല്ലം)∙ സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും സാധാരണ ജനങ്ങൾക്ക് മനസ്സിലാകണമെങ്കിൽ പരിഭാഷ നടത്തേണ്ട ഗതികേടാണെന്ന് പാർട്ടിക്കുള്ളിൽ വിമർശനം. ഇടതുപക്ഷത്തെ തിരുത്തൽ ശക്‌തിയാകേണ്ട പാർട്ടി നേതൃത്വം അധികാര സുഖത്തിൽ അഭിരമിച്ച് പൂർണ പരാജയമായി മാറിയെന്നും സിപിഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയിൽ വിമർശനം. ‘‘കുന്നത്തൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് ലൂയി പതിനാലാമനെ പോലെയാണ് ഇടപെട്ടത്. താഴേത്തട്ടിലുള്ള പ്രവർത്തകരോട് ജൂനിയർ പിണറായിയെ പോലെ പെരുമാറിയത് ദോഷകരമായി ബാധിച്ചു. സിപിഎമ്മിന്റെയും സിപിഐയുടെയും പ്രവർത്തകർ ആവർത്തിച്ച് പറഞ്ഞിട്ടും കോവൂർ കുഞ്ഞുമോനെ വീണ്ടും മത്സരിപ്പിച്ചത് ജനങ്ങളെ വെല്ലുവിളിക്കുന്നതു പോലെയായി. ചാത്തന്നൂർ, ചിറയിൻകീഴ്, നാദാപുരം അടക്കമുള്ള ഉറച്ച സീറ്റുകൾ നഷ്ടമാക്കിയത് സ്ഥാനാർഥി നിർണയത്തിലെ പിഴവുകൊണ്ട് മാത്രമാണ്. സ്വന്തം കുടുംബാംഗങ്ങൾക്ക് സീറ്റ് തരപ്പെടുത്തുന്നതിൽ മാത്രമായിരുന്നു സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ശ്രദ്ധ. പാർട്ടി നേതൃത്വത്തിലെ സെക്രട്ടേറിയറ്റ് അടക്കമുള്ള ത്രിതല സംവിധാനം പരാജയമായി മാറി’’. അടിസ്ഥാന ജനത അകന്നു പോയതും ഭൂരിപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയതും തിരിച്ചറിയാൻ കഴിയാത്തത് സംഘടനാ സംവിധാനത്തിന്റെ തകരാറാണെന്നും അംഗങ്ങൾ തുറന്നടിച്ചു. 


Source link

Back to top button