CINEMA

ശാന്തി മായാദേവി സംവിധായികയാകുന്നു , നായകൻ മമ്മൂട്ടി

വനിത സംവിധായികരോടൊപ്പം മമ്മൂട്ടി നാലാം തവണ

അഭിനേത്രിയും അഭിഭാഷകയും അവതാരകയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി സംവിധായികയാകുന്നു. മമ്മൂട്ടിയാണ് ശാന്തിയുടെ ആദ്യ ചിത്രത്തിൽ നായകനാകുന്നത്. മമ്മൂട്ടിയോടൊപ്പം ഗാന ഗന്ധർവ്വനിൽ ശ്രദ്ധേയമായ വേഷമവതരിപ്പിച്ചാണ് ശാന്തി അഭിനയരംഗത്തേക്ക് എത്തുന്നത്. മോഹൻലാലിനൊപ്പം നേരിലും ദൃശ്യം 3 ലും അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫിനൊപ്പം നേരിന്റെ തിരക്കഥാ രചനയിലും പങ്കാളിയായിരുന്നു. തന്റെ കന്നി സംവിധാന സംരംഭത്തിനും ശാന്തി തന്നെയാണ് രചന നിർവഹിക്കുന്നതെന്നും മമ്മൂട്ടിയുമായി ശാന്തി ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നുമാണ് വിവരം. ഇത് നാലാം തവണയാണ് മമ്മൂട്ടി വനിത സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നത്. പാർവതി മേനോനൊപ്പം ത്രിയാത്രി എന്ന ഹിന്ദി ചിത്രത്തിലും സുമതി റാമിനൊപ്പം വിശ്വതുളസി, റത്തിനയോടൊപ്പം പുഴു എന്ന മലയാള ചിത്രത്തിലും മമ്മൂട്ടി സഹകരിച്ചിട്ടുണ്ട്. സുമതി റാമിന്റെയും റത്തിനയുടെയും സംവിധാന അരങ്ങേറ്റ ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി എന്ന പ്രത്യേകത കൂടിയുണ്ട്.

അതേസമയം ധനുഷിനോടൊപ്പമഭിനയിക്കുന്ന തമിഴ് ചിത്രം ഷെഡ്യൂൾ പാക്കപ്പ് ആയതിനാൽ മമ്മൂട്ടി ഇപ്പോൾ എറണാകുളത്തുണ്ട്. അമരൻ എന്ന ബ്ലോക്ക് ബസ്റ്റർ ഒരുക്കിയ രാജ്കുമാർ പെരിയ സാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ അടുത്ത മാസം ആരംഭിക്കും. തമിഴ് ചിത്രം പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി നിതീഷ് സഹദേവിന്റെ ചിത്രത്തിലഭിനയിക്കും. 100 ദിവസത്തെ ഡേറ്റാണ് വമ്പൻ ക്യാൻവാസിലൊരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് മമ്മൂട്ടി നല്കിയിരിക്കുന്നത്. നിതീഷ് സഹദേവ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ കാത്തിരിക്കുന്നത് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയയാണ്.


Source link

Back to top button