NEWS
തുന്നലിട്ട കാലിൽ മരക്കഷണം; വേദനയിൽ പുളഞ്ഞ് 2 മാസം: വീണ്ടും ചികിത്സപ്പിഴവ്

നെടുമങ്ങാട് ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലം 2 മാസമായി അസഹ്യമായ വേദനയനുഭവിച്ച രോഗിയുടെ കാലിൽനിന്ന് ഇന്നലെ പുറത്തെടുത്തത് മരക്കഷണം ! മരംവെട്ടു തൊഴിലാളി ഭരതന്നൂർ കരിങ്കട മഹേഷ് ഭവനിൽ വി.മധുവാണ് (57) ഗുരുതരമായ അനാസ്ഥയുടെ ഇരയായത്. എക്സറേയിലും പരിശോധനയിലും കണ്ടെത്താത്ത, 5 സെന്റിമീറ്റർ നീളവും 3 സെന്റിമീറ്റർ വീതിയുമുള്ള മരക്കഷണം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഇന്നലെ ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.മാർച്ച് 21നു മാവിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെയാണു മധു താഴേക്കുവീണത്. ചുവട്ടിൽ മുറിച്ചിട്ട മരക്കൊമ്പുകളിലേക്കു വീണപ്പോൾ ഇടതുകാലിനു മുറിവേറ്റു. ഉടൻ പാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. എമർജൻസിയിലെ ഓർത്തോ വിഭാഗത്തിൽ പ്രവേശിപ്പിച്ച മധുവിന്റെ കാലിന്റെ എക്സ്റേ എടുത്തു. മുറിവിനുള്ളിൽ 2 കല്ലുകൾ കണ്ടെത്തിയെന്നും അത് നീക്കിയെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്നു മുറിവിൽ 12 തുന്നലിട്ട ശേഷവും എക്സ്റേ എടുത്തു. തുടർ പരിചരണത്തിനായി പാലോട് ഗവ. ആശുപത്രിയിലേക്ക് റഫർ ചെയ്തു. 3 ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും വേദന കുറഞ്ഞില്ല.
Source link


