NEWS
ശബരിമല യുവതീപ്രവേശ വിരുദ്ധ പ്രതിഷേധം: ഗുരുതരമല്ലാത്ത കേസ് പിൻവലിക്കും, വിശ്വാസി അനുകൂല നിലപാട് തുടരുമെന്ന് ദേവസ്വംമന്ത്രി

തിരുവനന്തപുരം ∙ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ റജിസ്റ്റർ ചെയ്ത ഗുരുതരമല്ലാത്ത കേസുകളെല്ലാം സർക്കാർ പിൻവലിക്കുന്നു. അക്രമസംഭവങ്ങളുടെയും മറ്റും പേരിലുള്ള ക്രിമിനൽ കേസുകൾ ഒഴികെയുള്ളവയെല്ലാം പിൻവലിക്കാനാണു നീക്കം. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾക്കു വിരുദ്ധമായി യുവതീപ്രവേശം അനുവദിക്കരുതെന്ന ഉറച്ച നിലപാടും സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കും. ഈ വിഷയത്തിൽ സുപ്രീം കോടതിയിലുള്ള ഹർജിയിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം കഴിയുമെങ്കിൽ പിൻവലിച്ചു പുതിയതു നൽകുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.ശബരിമല പ്രതിഷേധങ്ങളുടെ പേരിൽ സംസ്ഥാനത്തൊട്ടാകെ 29,119 പേർക്കെതിരെ 2624 കേസുകൾ റജിസ്റ്റർ ചെയ്തതായാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്. ഇതിൽ ഗുരുതരമല്ലാത്ത 1047 കേസുകൾ പിൻവലിക്കാൻ നടപടി സ്വീകരിച്ചതായും വ്യക്തമാക്കി. ഈ കേസുകളുടെയെല്ലാം തൽസ്ഥിതി പരിശോധിച്ച് പരമാവധി പിൻവലിക്കാനാണ് സർക്കാർ നീക്കം. ശബരിമലയിൽ പ്രായഭേദമെന്യേ എല്ലാം സ്ത്രീകൾക്കും പ്രവേശിക്കാമെന്ന 2018 സെപ്റ്റംബറിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങൾക്കെതിരായാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധമുയർന്നത്.– രമേശ് ചെന്നിത്തല (ആഭ്യന്തര മന്ത്രി)
Source link


