test del 5 copy of del 3
ഉത്തരം മുട്ടുമ്പോൾ: സിബിഎസ്ഇ സമഗ്ര അന്വേഷണമില്ല; പകരം പൊടിക്കൈ

ന്യൂഡൽഹി ∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധം തണുപ്പിക്കാൻ കണ്ണിൽപൊടിയിടൽ നടപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുനർമൂല്യനിർണയ അപേക്ഷയ്ക്കുള്ള പോർട്ടലിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ മദ്രാസ്, കാൻപുർ ഐഐടികളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരെ നിയോഗിക്കുമെന്നാണു പുതിയ പ്രഖ്യാപനം. എന്നാൽ അടിസ്ഥാന പ്രശ്നം പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ല. അതേസമയം ഉത്തരക്കടലാസിന്റെ പകർപ്പിനുള്ള അപേക്ഷ നൽകാനുള്ള സമയം ഇന്ന് അർധരാത്രി വരെ നീട്ടി. നാളെ മുതൽ 29 വരെയാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള സമയപരിധി.ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കി മൂല്യനിർണയം നടത്തുന്ന ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) രീതി ആദ്യമായാണ് സിബിഎസ്ഇ നടപ്പാക്കിയത്. സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ അവ്യക്തമാണെന്നും ഇതു വിദ്യാർഥികളുടെ മാർക്കു കുറച്ചെന്നും വ്യാപക പരാതി ഉയർന്നു. ശരിയുത്തരം എഴുതിയിട്ടും പൂജ്യം മാർക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസിന്റെ ചിത്രങ്ങൾ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനു മുന്നോടിയായി സ്കാൻ ചെയ്ത പകർപ്പിന് അപേക്ഷ നൽകാനുള്ള ശ്രമവും സാങ്കേതിക പ്രശ്നത്തിൽ കുരുങ്ങി.പ്ലസ്ടു ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യനിർണയം നടത്തണമെന്ന ആവശ്യം വിദ്യാർഥികൾ ആവർത്തിച്ചു. അതേസമയം പ്രത്യേക മൂല്യനിർണയം നടത്തിയ ഗൾഫിലെ പരീക്ഷാ ഫലത്തിലും പ്രശ്നങ്ങളുണ്ടെന്നു വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
Source link


