test del 2

യുഎസ്-ഇറാൻ കരാർ വൈകിയേക്കും; കടുംപിടിത്തം തുടരുന്നു, ധൃതി വേണ്ടെന്ന് നിർദേശം നൽകി ട്രംപ്


വാഷിങ്ടൺ/ടെഹ്‌റാൻ: യുഎസും ഇറാനും തമ്മിൽ ഉടൻ സാധ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സമാധാന കരാർ വൈകിയേക്കും. ഉടമ്പടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ ഇരുപക്ഷവും കടുംപിടിത്തം തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ധൃതി കാണിക്കേണ്ടെന്ന് താൻ നിർദേശം നൽകിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശുഭവാർത്തയെന്ന് ഇന്ത്യയിൽ സന്ദർശനം നടത്തിവരുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ‘ചർച്ചകൾ ചിട്ടയായതും ക്രിയാത്മകവുമായ രീതിയിൽ പുരോഗമിക്കുന്നു, സമയം നമ്മുടെ പക്ഷത്തുള്ളതുകൊണ്ട് ധൃതിപ്പെട്ട് ഒരു കരാറിലേക്ക് പ്രവേശിക്കരുതെന്ന് ഞാൻ എന്റെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഒരു കരാറിലെത്തുകയും ഒപ്പുവെക്കുകയും ചെയ്യുന്നതുവരെ ഉപരോധം പൂർണ്ണ ശക്തിയോടെ നിലനിൽക്കും’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാനുമായി മുമ്പുണ്ടാക്കിയ ഒബാമ ഭരണകൂടത്തിന്റെ കരാറിന് നേർവിപരീതമായിരിക്കും തന്റെ കരാറെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് ആണവായുധം വികസിപ്പിക്കാനുള്ള അവസരം നൽകുകയാണ് ഒബാമ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സൗദി അറേബ്യക്കും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും നന്ദി അറിയിച്ച ട്രംപ് ഇറാനുമായി ധാരണയുണ്ടാക്കാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.ഇതിനിടെ മരവിപ്പിച്ച ഇറാനിയൻ സ്വത്തുക്കൾ വിട്ടുകിട്ടുന്നതുൾപ്പെടെയുള്ള ചില വ്യവസ്ഥകളിൽ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള തടസ്സങ്ങൾ തുടരുന്നതായി അധികൃതരെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. ഈ പ്രശ്‌നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ജനങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും ഇറാനിയൻ മാധ്യമങ്ങളറിയിച്ചു.നിലവിലെ സാഹചര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം പൂർത്തിയാക്കാൻ ഇനിയും കുറച്ച് ദിവസങ്ങളെടുത്തേക്കാം എന്ന് ഒരു ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാന്റെ ഭാഗത്ത് നിന്നുള്ള മറുപടി മാത്രമാണ് കരാറിന് പ്രധാന തടസ്സമെന്ന് മാർക്കോ റൂബിയോ ഇന്ന് പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിനും ആണവ വിഷയങ്ങളിൽ സമയബന്ധിതമായ ചർച്ചകൾ നടത്തുന്നതിനും ട്രംപ് ഉറച്ച നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലൊരു ധാരണയ്ക്ക് ഗൾഫ് രാജ്യങ്ങളുടെ വലിയ പിന്തുണ യുഎസിനുണ്ടെന്നും റൂബിയോ പറഞ്ഞു. ട്രംപ് ഉടമ്പടിയിൽ എത്താൻ തിരക്കുകൂട്ടുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ‘പ്രസിഡന്റ് മോശം ഉടമ്പടിക്ക് തയ്യാറാകില്ല, അതിനാൽ എന്തു സംഭവിക്കുമെന്ന് നോക്കാം. ബദൽ മാർഗ്ഗങ്ങൾ തേടുന്നതിന് മുമ്പ് നയതന്ത്രത്തിന് എല്ലാ അവസരങ്ങളും നൽകും’ യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.


Source link

Back to top button