test del 2

ട്രംപിനുവേണ്ടി മോദിയെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് റൂബിയോ; സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യയിലും ചർച്ച


ന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദേശവും റൂബിയോ കൈമാറി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിലും സുരക്ഷാ കാര്യങ്ങളിലും അസ്ഥിരത തുടരുന്നതിനിടയിലാണ് ഈ സുപ്രധാന സന്ദർശനം നടക്കുന്നത്.ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പ്രധാനമന്ത്രിയെ സന്ദർശിക്കാനായി റൂബിയോ ന്യൂഡൽഹിയിലെ സേവാ തീർത്ഥിൽ എത്തിയത്. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിനെക്കുറിച്ചും ഇറാൻ സംഘർഷം പോലുള്ള ആഗോള വിഷയങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. തകർച്ചയിലായ ബന്ധങ്ങൾ വീണ്ടെടുക്കാനും ക്വാഡ് (Quad) കൂട്ടായ്മയെ പുനരുജ്ജീവിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഈ സന്ദർശനത്തിന് പിന്നിലുണ്ട്.സാമ്പത്തിക തർക്കങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായി അമേരിക്ക കാണുന്നുവെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പായാണ് നിരീക്ഷകർ ഈ സന്ദർശനത്തെ കാണുന്നത്. കൂടിക്കാഴ്ചയെക്കുറിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്‌സിലൂടെ വിവരങ്ങൾ പങ്കുവെച്ചു.’സുരക്ഷ, വ്യാപാരം, നിർണായക സാങ്കേതിക വിദ്യകൾ എന്നീ മേഖലകളിൽ ഇന്ത്യ-യുഎസ് സഹകരണം ആഴത്തിലാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഞങ്ങൾ ഫലപ്രദമായ ചർച്ചകൾ നടത്തി- ഈ മേഖലകൾ ഇരുരാജ്യങ്ങളെയും ശക്തിപ്പെടുത്തുകയും സ്വതന്ത്രവും തുറന്നതുമായ ഇൻഡോ-പസഫിക് മേഖലയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ.’ സെർജിയോ ഗോർ കുറിച്ചു. 


Source link

Back to top button