test del 3
ഉമ്മൻചാണ്ടി ഇടപെട്ടു നൽകിയ ജോലി, കാലാവധി പൂർത്തിയാക്കും മുൻപേ പിരിച്ചുവിട്ടു; നീതി തേടി യുവതി

ആലത്തൂർ ∙ ജീവിക്കാൻ ഒരു തൊഴിലിനു വേണ്ടി, ഭിന്നശേഷിക്കാരിയായ യുവതിയുടെ അലച്ചിലിനു രണ്ടു ദശാബ്ദമായിട്ടും ഫലമുണ്ടായില്ല. ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും ആരും കനിഞ്ഞില്ല. കാവശ്ശേരി കൊങ്ങാളക്കോട്ടെ ചെമ്പകശ്ശേരി ജ്യോതി (49) കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഒടുവിൽ 2013ൽ കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ ത്രിവേണി (കുഴൽമന്ദം) ഗോഡൗണിൽ സെയിൽസ് ഹെൽപർ തസ്തികയിൽ നിയമനം ലഭിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇടപെട്ടാണു ജോലി നൽകിയത്. 6 മാസത്തേക്കായിരുന്നു നിയമനമെങ്കിലും ഭിന്നശേഷി സംഘടനാ പ്രവർത്തനത്തിൽ നിന്ന് ഒഴിവാകണമെന്ന നിർദേശം അംഗീകരിക്കാത്തതുകൊണ്ടു കാലാവധി പൂർത്തിയാക്കും മുൻപേ തന്നെ പിരിച്ചുവിട്ടെന്നു ജ്യോതി പറഞ്ഞു.കൺസ്യൂമർ ഫെഡിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു ജ്യോതി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയെങ്കിലും അധികൃതർ അനങ്ങിയില്ല. ഈ മാസം 25 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസം ആരംഭിക്കുമെന്നു ജ്യോതി പറഞ്ഞു. തുച്ഛമായ പെൻഷൻ തുക കൊണ്ടാണു ജ്യോതി ജീവിക്കുന്നത്. പഞ്ചായത്തും സന്നദ്ധസംഘടനയും നൽകിയ 4 സെന്റ് സ്ഥലത്തെ വീട്ടിലാണു താമസം. പുതിയ സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണു ജ്യോതി.
Source link


