test del 4 copy of del 3
ശരീരത്തിൽ കുത്തി സൗന്ദര്യം കൂട്ടേണ്ട; കോസ്മെറ്റിക്സ് വിഭാഗത്തിൽ ഉൾപെടുത്താനാകില്ലെന്ന് വിജ്ഞാപനം

ന്യൂഡൽഹി ∙ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന തരത്തിലുള്ള സൗന്ദര്യവർധക ഉൽപന്നങ്ങൾ കോസ്മെറ്റിക്‌സ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. വ്യാഴാഴ്ച പുറത്തിറക്കിയ പൊതുവിജ്ഞാപനത്തിലാണ് സർക്കാർ ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്. ബാഹ്യമായി പുരട്ടുന്നതോ തളിക്കുന്നതോ ആയ, സൗന്ദര്യം കൂട്ടാനും ശരീരഘടനയിൽ മാറ്റം വരുത്താനുമുള്ള ഉൽപന്നങ്ങളെ മാത്രമേ കോസ്മെറ്റിക്സ് എന്ന് വിളിക്കാൻ സാധിക്കൂ. ശരീരത്തിനുള്ളിലേക്ക് കുത്തിവയ്ക്കുന്ന ഉൽപന്നങ്ങൾക്ക് ഈ പേര് ഉപയോഗിക്കരുതെന്നും അധികൃതർ കർശനമായി നിർദേശിക്കുന്നു.ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) പുറത്തുവിട്ട സുരക്ഷിതമല്ലാത്തതോ നിയന്ത്രണമുള്ളതോ ആയ ചേരുവകളുടെ പട്ടിക കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. രോഗചികിത്സാ ആവശ്യങ്ങൾക്കായി കോസ്മെറ്റിക്സ് ഉപയോഗിക്കാൻ പാടില്ല. ഉൽപന്നങ്ങളുടെ ലേബലുകളിൽ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കരുത്. നിർമാതാക്കൾ രേഖപ്പെടുത്തിയ ലേബലുകളോ അടയാളങ്ങളോ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിരോധിത ചേരുവകളുടെ ഉപയോഗം, തെറ്റായ ലേബലിങ്, ചികിത്സയ്ക്കായി കോസ്മെറ്റിക്സ് ഉപയോഗിക്കൽ, ഇൻജക്ഷൻ വഴിയുള്ള പ്രയോഗം എന്നിവയെല്ലാം നിയമലംഘനമായി കണക്കാക്കും.
Source link


