test del 4 copy of del 3

3.44 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയത് 1150 മെൻസ്ട്രൽ കപ്പ്; വിതരണം ചെയ്തത് 205 എണ്ണം മാത്രം: ഇങ്ങനെ നശിപ്പിക്കണോ…


പത്തനംതിട്ട ∙ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ സ്ത്രീകൾക്കു വിതരണം ചെയ്യാനായി വാങ്ങിയ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യാതെ കാലാവധി കഴിഞ്ഞ് നശിക്കുന്നു. ലക്ഷങ്ങൾ ചെലവിട്ട് ചില പഞ്ചായത്തുകൾ വാങ്ങി ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ച കപ്പുകളാണു വിതരണം ചെയ്യാതെ നശിക്കുന്നത്. എല്ലാ വിഭാഗം സ്ത്രീകൾക്കും നൂറ് ശതമാനം സബ്സിഡി നിരക്കിൽ ഇതു വിതരണം ചെയ്യാനാണു പദ്ധതി തയാറാക്കിയത്.ഇങ്ങനെ നശിപ്പിക്കണോ… നാരങ്ങാനം പഞ്ചായത്തിൽ വികസനഫണ്ടിൽ നിന്ന് 3.44 ലക്ഷം രൂപ ചെലവിട്ട് 1150 മെൻസ്ട്രൽ കപ്പ് വാങ്ങിയതിൽ വെറും 205 എണ്ണം മാത്രമാണ് വിതരണം ചെയ്തത്. ബാക്കി വരുന്ന 945 എണ്ണം കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിനോടു ചേർന്നുള്ള മെയിൻ ഹെൽത്ത് സെന്ററിലും നാരങ്ങാനം, വലിയകുളം, തോന്ന്യാമല സബ്സെന്ററുകളിലുമായി കെട്ടിക്കിടക്കുകയാണ്. പന്തളം തെക്കേക്കര പഞ്ചായത്തിൽ കുടുംബശ്രീ വഴി വിതരണം ചെയ്യാൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിട്ട് 333 മെൻസ്ട്രൽ കപ്പുകൾ വാങ്ങിയെങ്കിലും ഒരെണ്ണം പോലും വിതരണം ചെയ്യാതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ ഗുണഭോക്താക്കളുടെ കൃത്യമായ എണ്ണം കണക്കാക്കാതെയാണു കപ്പുകൾ വാങ്ങിയത്.മെൻസ്ട്രൽ കപ്പ് സാനിറ്ററി പാഡിനെക്കാൾ സുരക്ഷിതവും ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹാർദമായതുമാണ് ഇത്തരം കപ്പുകൾ. ഒരു കപ്പ് വർഷങ്ങളോളും കഴുകി വൃത്തിയായി ഉപയോഗിക്കാം. ആർത്തവത്തിന്റെ തുടക്കം മുതൽ ആർത്തവവിരാമം വരെ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം. സ്മോൾ, മീഡിയം, ലാർജ് തുടങ്ങിയ വലുപ്പത്തിൽ ഇവ ലഭ്യമാണ്. സ്ത്രീകൾക്ക് ഇടയ്ക്കിടെ പാഡ് മാറ്റണമെന്ന ബുദ്ധിമുട്ടും ഇത് ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കാം. 6–8 മണിക്കൂറിനുള്ളിൽ മെൻസ്ട്രൽ കപ്പ് പുറത്ത് എടുത്ത് വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാം. സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം. മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗ രീതികൾ സംബന്ധിച്ച് ശരിയായ ബോധവൽക്കരണം നടത്താത്തതിനാൽ ഇതിന്റെ ഗുണഭോക്താക്കൾ കുറവാണ്. ആശാ പ്രവർത്തകരെയും കുടുംബശ്രീ യൂണിറ്റുകളെയും ഉപയോഗിച്ച് ബോധവൽക്കരണം നടത്തിയാൽ പദ്ധതി വിജയമാകും.


Source link

Back to top button